കാലടി സർവകലാശാലയിൽ 12 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം; 4 പേർ പുറത്തുതന്നെ, പരീക്ഷയിൽ തീരുമാനം നാളെ

കാലടി സർവകലാശാലയിൽ 12 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം; 4 പേർ പുറത്തുതന്നെ, പരീക്ഷയിൽ തീരുമാനം നാളെ

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികളിൽ 12 പേരുടെ നടപടി പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. സമരം ചെയ്തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ കഴിയുന്ന 16 പേരിൽ 12 വിദ്യാർഥികളെയാണ് മാപ്പപേക്ഷ നൽകുന്ന മുറയ്ക്ക് തിരിച്ചെടുക്കുന്നത്. എന്നാൽ സസ്‌പെൻഷൻ നിലനിൽക്കെ ക്യാമ്പസിൽ പ്രവേശിച്ചെന്ന കാരണത്താൽ ശ്യംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നീ നാല് വിദ്യാർഥികളുടെ സസ്‌പെൻഷൻ തുടർന്നും നിലനിൽക്കും.

ഇന്ന് രാവിലെ മുതൽ സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐയുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. വൈകുന്നേരത്തോടെ നിരാഹാര സമരം ആരംഭിക്കാനിരിക്കെയാണ് സിൻഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടായത്. ഓഗസ്റ്റ് 13-ന് നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തിരുന്നത്.

സസ്‌പെൻഷനിൽ തീരുമാനമായെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുമോ എന്നതിൽ നാളത്തെ കോടതി വിധിയോടെ മാത്രമേ വ്യക്തത വരികയുള്ളൂ. സസ്‌പെൻഡ് ചെയ്തവരെ പരീക്ഷയെഴുതിക്കാൻ സിംഗിൾ ബെഞ്ച് മുൻപ് ഉത്തരവിട്ടിരുന്നെങ്കിലും, വിദ്യാർഥികൾക്ക് ആവശ്യമായ ഹാജറില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല അപ്പീൽ നൽകുകയായിരുന്നു. പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ നാളെയാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത്.

Share Email
Top