ഫിലാഡല്‍ഫിയ: പത്തുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വര്ത്തമ്മയ്ക്കെരിരേ കൊലക്കുറ്റം ചുമത്തി.ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ ന്യൂജേഴ്സിയില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 36കാരിയായ കാര്പ്രൈസ് വില്യംസിനെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. ക
മലേഷ്യ അല്‍ഫോര്‍ഡ് എന്ന പെണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് പുറമെ കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കല്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണം കൈവശം വെക്കല്‍, മറ്റൊരാളുടെ ജീവന് അശ്രദ്ധമായി അപകടത്തിലാക്കല്‍, തെളിവ് നശിപ്പിക്കല്‍, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവത്തെ അത്യന്തം ഭീകരമെന്ന് ജില്ലാ അറ്റോര്‍ണി വിശേഷിപ്പിച്ചു.
ഒക്ടോബര്‍ 22നാണ് മലേഷ്യയെ ഫിലാഡല്‍ഫിയയിലെ വീട്ടില്‍ അവസാനമായി ജീവനോടെ കണ്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒക്ടോബര്‍ 26ന് പുലര്‍ച്ചെ ഒരാള്‍ സഞ്ചിയിലാക്കി കുട്ടിയുടെ മൃതദേഹം വീട്ടില്‍നിന്ന് വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി വില്യംസ് അല്ലെന്നാണ് ജില്ലാ അറ്റോര്‍ണി വ്യക്തമാക്കിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ വാഹനം തിരിച്ചറിഞ്ഞതും പിന്നീട് ലഭിച്ച സാക്ഷിമൊഴികളുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ബുധനാഴ്ച രാത്രിയാണ് ന്യൂജേഴ്സിയില്‍ മറ്റൊരു വാഹനത്തിന്റെ ഡിക്കിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയ്ക്കും ശരീരത്തിനുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണം. കൊലപാതകമാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. കുട്ടി നേരത്തെ പീഡനത്തിന് ഇരയായിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ വില്യംസിന് ജാമ്യം നിഷേധിച്ചു. നവംബര്‍ 23നാണ് കേസില്‍ അടുത്ത പ്രാഥമിക വാദം നടക്കുക. ഇവര്‍ക്കായി കോടതി പബ്ലിക് ഡിഫന്‍ഡറെയും നിയമിച്ചിട്ടുണ്ട്.
സംഭവത്തില്‍ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ഫിലാഡല്‍ഫിയ മേയര്‍ ഷെറെല്‍ പാര്‍ക്കര്‍ വ്യക്തമാക്കി. പൊലീസും ജില്ലാ അറ്റോര്‍ണിയുടെ ഓഫീസും എഫ്ബിഐയും ചേര്‍ന്ന് കേസിലെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നും കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു.
Murder of 10-year-old girl: Murder charge against foster mother
















