ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷായുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നിരവധി മേഖലകളിൽ ഇന്ത്യയും നേപ്പാളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും, ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ തമ്മിലുള്ള ത്രികക്ഷി കൂടിക്കാഴ്ചയുടെ ഫലങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉച്ചകോടിയുടെ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം വിഷയത്തിൽ കൃത്യമായ വിലയിരുത്തൽ നടത്തുമെന്നും രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ നേരത്തെ തന്നെ ശക്തമായി അപലപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യമുണ്ട്. മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരമായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
















