ലോസ് ഏഞ്ചൽസ്: ദക്ഷിണ കാലിഫോർണിയയിലെ നിരവധി ചരക്ക് തീവണ്ടികളിൽ നിന്ന് രണ്ട് വർഷത്തിനിടെ 22.5 ദശലക്ഷം ഡോളറിലധികം (ഏകദേശം 190 കോടിയിലധികം രൂപ) വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ കൊള്ളയടിച്ച കേസിൽ 14 പേർക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. സ്നീക്കറുകൾ, പവർ ടൂളുകൾ തുടങ്ങിയ വിലപിടിപ്പുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളാണ് ഇവർ കവർന്നതെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
2024 ഫെബ്രുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് പ്രതികൾ ദക്ഷിണ കാലിഫോർണിയയിലൂടെ കടന്നുപോകുന്ന ചരക്ക് തീവണ്ടികളെ ലക്ഷ്യമിട്ട് വൻ കൊള്ള നടത്തിയത്. ലോസ് ഏഞ്ചൽസ്, ലോംഗ് ബീച്ച് തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് എത്തുന്ന ചരക്കുകൾ തീവണ്ടികൾ വഴി വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു കവർച്ച. പിക്കോ റിവേര, ഫുള്ളർട്ടൺ തുടങ്ങിയ സ്ഥലങ്ങളിലെ റെയിൽവേ പാതകളിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്.
വാടകയ്ക്കെടുത്ത ട്രക്കുകളും വാനുകളുമായി റെയിൽവേ ട്രാക്കിന് സമീപം എത്തുന്ന സംഘത്തിലെ ചിലർ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിൽ കയറി സാങ്കേതിക തകരാറുകൾ ഉണ്ടാക്കി അടിയന്തരമായി നിർത്തിപ്പിക്കുകയായിരുന്നു പതിവ്. തുടർന്ന് കണ്ടെയ്നറുകളിൽ നിന്ന് സാധനങ്ങൾ ട്രക്കുകളിലേക്ക് മാറ്റി രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിക്കുകയും കരിഞ്ചന്തയിൽ വിൽക്കുകയുമായിരുന്നു രീതി. മോഷ്ടിച്ച സാധനങ്ങളുടെ വിവരങ്ങളും മോഷണം നടത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പ്രതികൾ ഗ്രൂപ്പ് ചാറ്റുകളിലൂടെ പങ്കുവെച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായ 21-കാരനാണ് ഈ കൊള്ളയ്ക്ക് നേതൃത്വം നൽകിയതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. 23-നും 38-നും ഇടയിൽ പ്രായമുള്ള മറ്റ് 13 പേരാണ് കൂട്ടുപ്രതികൾ. ഗൂഢാലോചന, അന്തർസംസ്ഥാന റെയിൽവേ ചരക്ക് മോഷണം, റെയിൽവേ കാരിയറുകൾക്കെതിരായ അക്രമം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാൽ റെയിൽവേയ്ക്ക് നേരെയുള്ള അക്രമത്തിന് ജീവപര്യന്തം തടവ് വരെയും മോഷണത്തിന് 10 വർഷം വരെയും ശിക്ഷ ലഭിക്കാം.
14 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ക്രിമിനൽ ശൃംഖലയെ പൂർണ്ണമായും തകർക്കാൻ സാധിച്ചതെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി നഥാൻ ജെ. ഹോച്ച്മാൻ വ്യക്തമാക്കി. വിതരണ ശൃംഖലയെ സംരക്ഷിക്കുന്നതിനും മോഷ്ടിച്ച ചരക്കുകൾ പണമാക്കി മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് യു.എസ് അറ്റോർണി ബിൽ എസ്സയ്ലിയും കൂട്ടിച്ചേർത്തു.
















