തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സ്വാശ്രയ സ്ട്രീമിൽ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗനിർദേശം. എന്നാൽ ഇത്തരം നടപടികളുടെ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. അനുമതി പുതുക്കൽ വർഷംതോറും നടത്തുന്നതിനു പകരം മൂന്ന് വർഷത്തിലൊരിക്കലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം നേടാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് നിലവിലെ രീതിയിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ് കോളേജുകളിൽ എയ്ഡഡ് സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും നിലവിലുള്ള കോഴ്സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി വേണം. എന്നാൽ ഇതിനായി ഫീസ് ഈടാക്കില്ല.
അതേസമയം, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സ്വയംഭരണ എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി ആവശ്യമില്ല. ഇത്തരം നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് സർക്കുലറിലെ നിർദേശം.
സ്വാശ്രയ കോളേജുകളിലെ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കുന്ന കാര്യത്തിൽ അതത് സർവകലാശാലകൾക്കോ ബന്ധപ്പെട്ട റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേക സർക്കാർ അനുമതി തേടേണ്ടതില്ല. അനുമതി പത്രത്തിനായി ഒരു കോഴ്സിന് മൂന്ന് വർഷത്തേക്ക് 650 രൂപ ചലാൻ ഫീസും 810 രൂപ അഫിഡവിറ്റ് ഫീസും അടയ്ക്കണം. 2026-27 അധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30ൽ പുതുക്കലിന് അപേക്ഷിക്കുമ്പോൾ 2027-28, 2028-29 വർഷങ്ങളിലെ ഫീസ് അടച്ചാൽ മതിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഓരോ അധ്യയന വർഷവും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം ആരംഭിച്ച പുതിയ കോഴ്സുകളുടെയും നടത്തിയ സീറ്റ് വർധനവിന്റെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള നിയമങ്ങളിൽ പരാമർശിക്കാത്ത വിഷയങ്ങളിലും സർവകലാശാലകളുടെയോ റഗുലേറ്ററി ബോഡികളുടെയോ തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും പ്രത്യേക അനുമതി വാങ്ങണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
















