തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, നവംബർ ആദ്യവാരം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായില്ല. വിലകൂടിയ പുതിയ കരാറുകളില്ലാതെ തന്നെ ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാക്കാനായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ കുറഞ്ഞതാണ് നിലവിലെ പീക്ക് ഡിമാൻഡ്. 5,488 മെഗാവാട്ട് ആയിരുന്നു ബോർഡിന്റെ പ്രവചനം. എന്നാൽ ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രവചിച്ചതിനേക്കാൾ 521 മുതൽ 1,008 മെഗാവാട്ട് വരെ കുറഞ്ഞ ഡിമാൻഡാണ് രേഖപ്പെടുത്തിയത്.
വൈദ്യുതി ഉപഭോഗവും കണക്കുകൂട്ടിയതിലും താഴെയാണ്. ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രതിദിന ഉപഭോഗത്തിൽ 0.31 ദശലക്ഷം യൂണിറ്റ് (എംയു) മുതൽ 8.7 എംയു വരെ കുറവുണ്ടായി. നിലവിലുള്ള കരാറുകളിലൂടെയും തത്സമയ വിപണിയിൽനിന്നുമാണ് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. ഉപഭോഗം കുറഞ്ഞതോടെ പകൽ സമയത്ത് വലിയ അളവിൽ വൈദ്യുതി സറണ്ടർ ചെയ്യേണ്ട സാഹചര്യവുമുണ്ട്. ആദ്യ അഞ്ച് ദിവസങ്ങളിൽ 8.59 എംയു മുതൽ 11.35 എംയു വരെ വൈദ്യുതിയാണ് ഇത്തരത്തിൽ ഒഴിവാക്കിയത്.
കേന്ദ്ര വിഹിതത്തിൽനിന്നും ദീർഘകാല കരാറുകൾ വഴിയും ലഭിക്കുന്ന വൈദ്യുതി സറണ്ടർ ചെയ്താലും കെഎസ്ഇബി നിശ്ചിത ഫിക്സഡ് ചാർജ് നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പകലും രാത്രിയും ഒരേ നിരക്കിൽ വൈദ്യുതി വാങ്ങുന്ന കരാറിൽ ഏർപ്പെട്ടാൽ അധികബാധ്യതയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നു. നിലവിലെ ഉപഭോഗനിലയിൽ 100 മെഗാവാട്ട് വൈദ്യുതി ഇത്തരത്തിൽ വാങ്ങിയാൽ 1.2 ദശലക്ഷം യൂണിറ്റ് അധികമായി സറണ്ടർ ചെയ്യേണ്ടിവരുമെന്നാണ് കണക്ക്.
വൈദ്യുതി എക്സ്ചേഞ്ചിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതും പുതിയ കരാറുകളുടെ ആവശ്യകതയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഡേ എഹെഡ് വിപണിയിൽ വൈദ്യുതിയുടെ യൂണിറ്റ് വില 1.27 രൂപ മുതൽ 2.53 രൂപ വരെയായിരുന്നു. വൈകിട്ട് അഞ്ചിനും എട്ടിനും ഇടയിലുള്ള പീക്ക് സമയത്താണ് വില പരമാവധി 10 രൂപയിലെത്തിയത്. ഈ സാഹചര്യം ഫെബ്രുവരി വരെ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മേയ് വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും റഗുലേറ്ററി കമ്മീഷൻ ഏറ്റവും പുതിയ ഉത്തരവിൽ നിരീക്ഷിച്ചിരുന്നു.
ഇതിനിടെയാണ് 679.5 ദശലക്ഷം യൂണിറ്റ് പകൽ വൈദ്യുതി ലഭ്യമാക്കുന്ന ജിഎൻഎ ഇടപാടുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ ഇതുവരെ കെഎസ്ഇബി തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇടപാടിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ. ഹിമാചൽ കരാറിൽ പകൽ സമയത്ത് 136.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
ടെൻഡർ നടപടികളില്ലാതെ നടത്തിയതും സെബിയുടെയും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെയും അംഗീകാരമില്ലാത്തതുമായ ഇടപാടിന് സംസ്ഥാന കമ്മീഷൻ അനുമതി നൽകുമോയെന്നതും നിർണായകമാണ്. നിലവിലെ വൈദ്യുതി ആവശ്യകതയും വിപണിയിലെ വിലനിലവാരവും കമ്മീഷൻ പരിശോധിച്ചേക്കും. ജിഎൻഎ ഇടപാടിനെക്കുറിച്ച് കെഎസ്ഇബി ഇതുവരെ കമ്മീഷനെ വാക്കാൽപോലും അറിയിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം, ജിഎൻഎ കരാറിനേക്കാൾ സിന്നാർ താപനിലയത്തിൽനിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് ഉറപ്പാക്കുന്നതിനാണ് ബോർഡ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് സൂചന. പുതിയ വൈദ്യുതി വാങ്ങൽ കരാറുകളുടെ ആവശ്യകതയും സാമ്പത്തിക ബാധ്യതയും സംബന്ധിച്ച തീരുമാനങ്ങളിൽ നവംബറിലെ ഉപഭോഗക്കണക്കുകൾ നിർണായകമാകും.
















