ഐഒഎ വനിതാ പ്രതിനിധി തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി, പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും; അഞ്ജു ബോബി ജോർജിനും സൈനക്കും വിജയം

ഐഒഎ വനിതാ പ്രതിനിധി തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി, പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും; അഞ്ജു ബോബി ജോർജിനും സൈനക്കും വിജയം

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ പരാജയപ്പെട്ടു. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻദിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ നടന്ന മത്സരത്തിൽ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, ഡോള ബാനർജി, റാണി രാംപാൽ എന്നിവരടങ്ങിയ പാനൽ വിജയിച്ചു. 80 അംഗ വോട്ടർ പട്ടികയിൽ നിന്ന് ആറു സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എസ്ഒഎം പാനലിൽ നിന്ന് പുറത്തായതോടെ ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് ഇനി മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കണം. എന്നാൽ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അതിനുള്ള സാധ്യത വിരളമാണ്. അതേസമയം, പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്ക് ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട എട്ട് എസ്ഒഎം അംഗങ്ങളും ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകുന്നതോടെ ഇവർക്ക് വോട്ടവകാശവും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് മത്സരിക്കാനുള്ള അർഹതയും ലഭിക്കും. ഇവരിൽ നിന്ന് രണ്ടാൾക്ക് എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ഇടം ലഭിക്കും. 2022-ൽ എസ്ഒഎം വിഭാഗത്തിലൂടെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിനിടെ ഡോള ബാനർജി പെരുമാറ്റച്ചട്ടം ലംഘിച്ച് വാട്സാപ്പിലൂടെ വോട്ടുചോദിച്ചെന്നാരോപിച്ച് ഉഷ പരാതി നൽകിയിരുന്നു. മറുവശത്ത്, ഐഒഎ പ്രസിഡന്റായ സ്ഥാനാർഥി അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ഐഒഎ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് ഭാരോദ്വഹന താരം സതീഷ് ശിവലിംഗവും പരാതിപ്പെട്ടിരുന്നു.

Share Email
LATEST excelnclexrn
More Articles
Top