റാസൽഖൈമ: റാസൽഖൈമയിലെ അൽ വതൻ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയർന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖിന്റെ (29) മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്.
കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് (26), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം കൊളങ്ങരടി സ്വദേശി അഷ്‌റഫ് (53) എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മറ്റ് മൂന്ന് മലയാളികൾ.
മരിച്ചവരിൽ 11 പേരും ഇന്ത്യക്കാർ
അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ.
അപകടമുണ്ടായത് വിസ പുതുക്കി മടങ്ങുന്നതിനിടെ
ചൊവ്വാഴ്ച പുലർച്ചെയാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ഒമാനിൽ സന്ദർശക വിസ പുതുക്കിയ ശേഷം യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്ന 41 പ്രവാസികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 11 പേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരിൽ 14 പേർ റാസൽഖൈമയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കുമായി കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറും (800 46342) സജ്ജമാക്കിയിട്ടുണ്ട്.















