യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ അഴിച്ചുപണിക്ക് സാധ്യത. നിലവിലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരം ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നതായാണ് സൂചന. സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് പുറമെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കും ഗോറിന്റെ പേര് ചർച്ചകളിൽ ഉയരുന്നുണ്ടെന്ന് ‘ദി വാഷിങ്ടൺ സൺ’ റിപ്പോർട്ട് ചെയ്തു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിനായി തയ്യാറെടുക്കാൻ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും അഭ്യൂഹമുണ്ട്.
അതേസമയം, ഈ വാർത്തകൾ സെർജിയോ ഗോർ തള്ളി. തനിക്ക് മറ്റ് പദവികളിൽ താല്പര്യമില്ലെന്നും മാർക്കോ റൂബിയോ മികച്ച സ്റ്റേറ്റ് സെക്രട്ടറിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വൈറ്റ് ഹൗസും പ്രതികരിച്ചു.
2025 നവംബർ മുതൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാണ് സെർജിയോ ഗോർ. ദക്ഷിണ-മധ്യ ഏഷ്യൻ മേഖലകളിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ കൂടിയായ അദ്ദേഹം ട്രംപുമായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്.
















