കൊച്ചി: കൊച്ചിയിൽ യുവ നടിയുടെ ബന്ധു നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. ഡോക്ടർ ഹോട്ടൽ മുറിയിൽ വച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ബന്ധുവിന്റെ പരാതി. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസിന്റെ ഈ നിർണായക നീക്കം.
നേരത്തെ, യുവനടിയും നടനും അടങ്ങുന്ന 12 അംഗ സംഘം തന്നെ മർദ്ദിച്ച് ഡിജിറ്റൽ ഉപകരണങ്ങളും പണവും കവർന്നുവെന്ന് കാട്ടി ഡോക്ടർ പോലീസ് കേസ് നൽകിയിരുന്നു. ഈ കേസിൽ നടിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോക്ടറുടെ പക്കലുണ്ടായിരുന്ന നടിയുടെ ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാനാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് നടി പോലീസിന് മൊഴി നൽകിയത്. ഇവർ പോലീസിന് കൈമാറിയ ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്ന് ചികിത്സയ്ക്കെത്തിയവരും മറ്റുള്ളവരുമായ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.
സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ കൂടുതൽ സ്ത്രീകളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഹണിട്രാപ്പോ ബ്ലാക്ക്മെയ്‌ലിംഗോ ആണോ എന്നതടക്കമുള്ള വശങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
















