വാഷിംഗടണ്‍: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നും ഇന്ന് ചൈനീസ് ചാരയുവതിയുമായി ബന്ധമെന്ന ആരോപണം ശക്തമായ എന്‍വിഡിയയുടെ തുടക്കം സിലിക്കണ്‍ വാലിയിലെ ഒരു ചെറിയ ഡെന്നീസ് റെസ്റ്റോറന്റിലെ പ്രഭാതഭക്ഷണ മേശയില്‍ നിന്നായിരുന്നു. 1992ലും 1993ലുമായി ജെന്‍സന്‍ ഹുവാങ്, ക്രിസ് മലക്കോവ്‌സ്‌കി, കര്‍ട്ടിസ് പ്രീം എന്നീ മൂന്ന് എന്‍ജിനീയര്‍മാര്‍ ഇവിടെ ഒത്തുകൂടി കമ്പ്യൂട്ടര്‍ ചിപ്പുകളെക്കുറിച്ചും പുതിയൊരു കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി. അന്ന് മണിക്കൂറുകളോളം നീണ്ട ഈ കൂടിക്കാഴ്ചകളില്‍ നിന്ന് പിറന്ന ആശയമാണ് പിന്നീട് ലോകത്തെ നിര്‍മിതബുദ്ധി (എഐ) വിപ്ലവത്തിന്റെ മുന്‍നിരയിലെത്തിയ എന്‍വിഡിയയായി വളര്‍ന്നത്. ഇന്ന് ഏകദേശം 3.98 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ തുടക്കം 33 വര്‍ഷം മുമ്പുള്ള ഈ സാധാരണ കൂടിക്കാഴ്ചകളിലായിരുന്നു.
മൂന്ന് പേരും നേരത്തെ പരിചയക്കാരായിരുന്നു. കര്‍ട്ടിസ് പ്രീമും ക്രിസ് മലക്കോവ്‌സ്‌കിയും സണ്‍ മൈക്രോസിസ്റ്റംസിലും ജെന്‍സന്‍ ഹുവാങ് എല്‍എസ്‌ഐ ലോജിക്കിലുമായിരുന്നു ജോലി ചെയ്തിരുന്നത്. ഒരുമിച്ച് ഒരു കമ്പനി തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നിലവിലെ ജോലിസ്ഥലങ്ങളില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ സുരക്ഷിതമായ ഒരിടം ആവശ്യമായിരുന്നു. അങ്ങനെയാണ് ഡെന്നീസ് റെസ്റ്റോറന്റ് അവരുടെ സ്ഥിരം കൂടിക്കാഴ്ചാ കേന്ദ്രമായത്. മണിക്കൂറുകളോളം ഒരേ മേശയിലിരുന്ന് പത്ത് കപ്പ് കാപ്പിവരെ കുടിച്ചിരുന്ന ഇവര്‍ റെസ്റ്റോറന്റിന് അത്ര നല്ല ഉപഭോക്താക്കളായിരുന്നില്ലെന്ന് സഹസ്ഥാപകന്‍ മലക്കോവ്‌സ്‌കി പിന്നീട് ഓര്‍ത്തെടുത്തു. നീണ്ട കൂടിക്കാഴ്ചകള്‍ കാരണം പിന്നീട് ഇവരെ റെസ്റ്റോറന്റിന്റെ പിന്‍ഭാഗത്തുള്ള ഒരു മുറിയിലേക്ക് മാറ്റി. അവിടെ സാന്‍ ജോസ് പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മൂന്ന് എന്‍ജിനീയര്‍മാരും ലാപ്‌ടോപ്പുക ളുമായി തങ്ങളുടെ പുതിയ സംരംഭത്തിന്റെ ഭാവി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ റെസ്റ്റോറന്റിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലില്‍ വെടിയുണ്ടകളുടെ പാടുകള്‍ കണ്ടതോടെ അവിടെ ദീര്‍ഘനേരം ചെലവഴിക്കുന്നത് സുരക്ഷിതമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കര്‍ട്ടിസ് പ്രീമിന്റെ ടൗണ്‍ഹൗസിലേക്ക് കൂടിക്കാഴ്ചകള്‍ മാറ്റുകയായിരുന്നു.
പുതിയ കമ്പനിയുടെ ചുമതലകളും മൂന്ന് പേരും വ്യക്തമായി വിഭജിച്ചിരുന്നു. ഹാര്‍ഡ്വെയര്‍ ഡിസൈനിന്റെ ചുമതല മലക്കോവ്‌സ്‌കിക്കും സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചറിന്റെ ചുമതല പ്രീമിനുമായിരുന്നു. ബിസിനസ് തീരുമാനങ്ങള്‍ ജെന്‍സന്‍ ഹുവാങ് കൈകാര്യം ചെയ്തു. കമ്പനി തുടങ്ങുന്നതിന് മുമ്പുതന്നെ അതിന്റെ വരുമാനസാധ്യതകളെക്കുറിച്ച് ഹുവാങ് ഗൗരവമായി ചിന്തിച്ചിരുന്നു. വിപണിയിലെ എതിരാളികള്‍, ചിപ്പ് നിര്‍മാണത്തിനുള്ള ചെലവ്, ലാഭസാധ്യതകള്‍ എന്നിവയെല്ലാം അദ്ദേഹം വിലയിരുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോളറിന്റെ വില്‍പ്പന നേടാന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ പുതിയ സംരംഭത്തില്‍ ചേരൂ എന്നായിരുന്നു ഹുവാങ്ങിന്റെ നിലപാടെന്ന് പ്രീം പിന്നീട് വെളിപ്പെടുത്തി. വീഡിയോ ഗെയിമുകളിലെ ത്രിമാന ഗ്രാഫിക്‌സ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ദൃശ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുന്ന പ്രത്യേക ചിപ്പുകള്‍ വികസിപ്പിക്കുകയായിരുന്നു ഇവരുടെ ആദ്യ ലക്ഷ്യം.
കമ്പനിക്ക് അനുയോജ്യമായ പേര് കണ്ടെത്തുന്നതും സ്ഥാപകര്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. ഗ്രാഫിക്‌സ് കാര്‍ഡുകളില്‍ അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്ന ‘NV’ എന്ന അക്ഷരങ്ങളും ‘Envy’ എന്ന വാക്കിന്റെ ശബ്ദവും പ്രീമിന് ഇഷ്ടപ്പെട്ടു. ആദ്യം ‘എന്‍വിഷന്‍’ (Nvision) എന്ന പേരാണ് പരിഗണിച്ചത്. കമ്പനിയുടെ ആഗോള ആസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന സന്ദേശം ഉള്‍പ്പെടുത്തി ഫോണ്‍ മറുപടി സന്ദേശം പോലും പ്രീം റെക്കോര്‍ഡ് ചെയ്തു. എന്നാല്‍ സമാനമായ പേരുകളില്‍ മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ ഈ ആശയം ഉപേക്ഷിച്ചു. തുടര്‍ന്ന് ലാറ്റിന്‍ നിഘണ്ടു പരിശോധിച്ച പ്രീമിന് ‘Invidia’ എന്ന വാക്ക് ലഭിച്ചു. അസൂയ എന്നര്‍ഥമുള്ള ഈ വാക്കില്‍ നിന്ന് ആദ്യ അക്ഷരം ഒഴിവാക്കിയാണ് ‘Nvidia’ എന്ന പേര് രൂപപ്പെടുത്തിയത്. അതേസമയം, സുഹൃത്തുക്കളോടൊപ്പം ചിപ്പ് കമ്പനി തുടങ്ങാന്‍ ജോലി ഉപേക്ഷിക്കാനുള്ള ഹുവാങ്ങിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ മാതാവ് പോലും ആദ്യം സംശയത്തോടെയാണ് കണ്ടത്. പദ്ധതി പറഞ്ഞപ്പോള്‍ മറ്റെവിടെയെങ്കിലും ജോലി നോക്കിക്കൂടെയെന്നായിരുന്നു അമ്മയുടെ പ്രതികരണം.
കമ്പനി പിന്നീട് എത്രത്തോളം വളരുമെന്ന് മൂന്ന് സ്ഥാപകര്‍ക്കും അന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. തുടക്കത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും വീഡിയോ ഗെയിമുകള്‍ക്കുമായി ചിപ്പുകള്‍ നിര്‍മിക്കുന്നതിലായിരുന്നു എന്‍വിഡിയയുടെ ശ്രദ്ധ. എന്നാല്‍ കാലക്രമേണ കമ്പനിയുടെ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളായ ജിപിയുകള്‍ (GPU) നിര്‍മിതബുദ്ധി സംവിധാനങ്ങളുടെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും അനിവാര്യമായി മാറി. ചാറ്റ്ജിപിടി പോലുള്ള ജനപ്രിയ എഐ സംവിധാനങ്ങള്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ മുമ്പുതന്നെ എഐ കമ്പ്യൂട്ടിങ് മേഖലയിലേക്ക് വലിയ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ തീരുമാനം നിര്‍ണായകമായി. ഇന്ന് ആഗോള എഐ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നായി എന്‍വിഡിയ മാറിയിരിക്കുകയാണ്. സിലിക്കണ്‍ വാലിയിലെ ഒരു സാധാരണ പ്രഭാതഭക്ഷണ മേശയില്‍ തുടങ്ങിയ മൂന്ന് എന്‍ജിനീയര്‍മാരുടെ സ്വപ്നം എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ച സാങ്കേതിക സാമ്രാജ്യമായി വളര്‍ന്നതെന്നതിന്റെ അപൂര്‍വ കഥയാണിത്.
The beginnings of the vast NVIDIA empire can be traced to a gathering at a breakfast table in a Silicon Valley Denny’s—a story of how three engineers changed everything!














