ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ മാധ്യമരത്‌ന പുരസ്‌കാര സന്ധ്യക്ക് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ മാധ്യമരത്‌ന പുരസ്‌കാര സന്ധ്യക്ക് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: 2027 ജനുവരി 8-ന് കേരളത്തില്‍ കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടക്കാനിരിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ മാധ്യമരത്‌ന പുരസ്‌കാര സന്ധ്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ യോഗം ചേര്‍ന്നു. ഹൂസ്റ്റണിലെ ഷുഗര്‍ലാന്‍ഡിലുള്ള കബാബ് കഫേ റെസ്റ്റോറന്റില്‍ നടന്ന താങ്ക്‌സ്ഗിവിങ് – ക്രിസ്മസ് – പുതുവത്സര സമ്മേളനത്തില്‍ ചാപ്റ്ററിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു.

ജോയ് തുമ്പമണ്ണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജോയിന്റ് ട്രഷറര്‍ സജി പുല്ലാട് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഫിന്നി രാജു അധ്യക്ഷത വഹിച്ചു. ചാപ്റ്ററിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും യോഗം വേദിയായി. ഐപിസിഎന്‍എ ദേശീയ സെക്രട്ടറി അനില്‍ ആറന്മുള കേരളത്തില്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന്റെ വിശദാംശങ്ങള്‍ അംഗങ്ങളുമായി പങ്കുവെച്ചു.

കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്‍വെന്‍ഷന്‍ ഐപിസിഎന്‍എയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും അഭിമാനകരവുമായ സമ്മേളനമായി മാറട്ടെയെന്ന് അംഗങ്ങള്‍ ആശംസിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പൂര്‍ണ പിന്തുണയും സഹകരണവും യോഗം പ്രഖ്യാപിച്ചു. ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരവധി അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

അമേരിക്കയിലെ താങ്ക്‌സ്ഗിവിങ് ആഘോഷത്തിന്റെ സന്തോഷവും ആശംസകളും അംഗങ്ങള്‍ പരസ്പരം പങ്കുവെച്ചു. വൈസ് പ്രസിഡന്റ് മോട്ടി മാത്യു, ട്രഷറര്‍ വിജു വര്‍ഗീസ്, ജോയ് തുമ്പമണ്‍, സൈമണ്‍ വളാച്ചേരില്‍, ജോണ്‍ ഡബ്ല്യു. വര്‍ഗീസ്, അജു വാരിക്കാട്, ആന്‍സി ശാമുവേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സൗഹൃദവും ഒത്തൊരുമയും നിറഞ്ഞ വിരുന്നിനുശേഷം ജോയിന്റ് സെക്രട്ടറി ഡോ. റെയ്ന റോക്ക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് യോഗം സമാപിച്ചു.

പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും നാടിനോടുള്ള പ്രതിബദ്ധതയും വിളിച്ചോതിയ ഈ സംഗമം വരാനിരിക്കുന്ന കേരള മാധ്യമ കണ്‍വെന്‍ഷന്റെ വിജയത്തിന് പുതിയ ഊര്‍ജവും പ്രചോദനവും പകരുന്നതായി.

The Houston Chapter has pledged its full support for the India Press Club of North America’s 'Madhyamasree' and 'Madhyamaratna' awards evening.
Share Email
Top