അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: കോട്ടയം അതിരൂപതയിലെ വൈദികനും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുമായ റവ. ഫാ. ജോസഫ് മേലേടത്തിന്റെ നിര്യാണത്തിൽ ചിക്കാഗോ സീറോ മലബാർ രൂപതയിലെ ക്നാനായ കത്തോലിക്കാ റീജിയൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കോട്ടയം അതിരൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായ ഫാ. ജോസഫ് മേലേടം, അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ വൈദികജീവിതത്തിലുടനീളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിതമനോഭാവത്തോടെ പ്രവർത്തിച്ച അദ്ദേഹം ആത്മീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.
1994-ൽ അമേരിക്കയിലെ ഹൂസ്റ്റണിലെത്തിയ ഫാ. ജോസഫ്, അന്ന് ടെക്സസിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടന്നിരുന്ന ക്നാനായ കത്തോലിക്കാ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിലും സംഘടിതമായ ഒരു വിശ്വാസസമൂഹമായി വളർത്തിയെടുക്കുന്നതിലും നിർണായക നേതൃത്വം നൽകി.
ക്നാനായ മിഷൻ ഡയറക്ടർ എന്ന നിലയിൽ ഹൂസ്റ്റണിലെയും ഡാളസിലെയും ക്നാനായ കുടുംബങ്ങളെ ഒരുമിപ്പിച്ച് അവരുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തിന് ശക്തമായ അടിത്തറ പാകി. വിശുദ്ധ കുർബാനയും മറ്റ് ആത്മീയ ശുശ്രൂഷകളും ലഭ്യമാക്കുന്നതിനൊപ്പം കുടുംബങ്ങൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പരബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.
ഇന്ന് ഹൂസ്റ്റണിലും ഡാളസിലും വളർന്നുവന്നിരിക്കുന്ന ക്നാനായ കത്തോലിക്കാ സമൂഹങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും ഫാ. ജോസഫിന്റെ ആദ്യകാല ശുശ്രൂഷകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.
തുടർന്ന് ഗാൽവസ്റ്റൺ–ഹൂസ്റ്റൺ അതിരൂപതയിലും അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചു. ദീർഘകാലത്തെ വൈദികശുശ്രൂഷയ്ക്കുശേഷം വിരമിച്ച് കോട്ടയം അതിരൂപതയിലേക്ക് മടങ്ങിയ അദ്ദേഹം കോട്ടയത്തെ വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
കേരളത്തിൽ ആരംഭിച്ച് അമേരിക്കയിലേക്കും വ്യാപിച്ച അദ്ദേഹത്തിന്റെ വൈദികശുശ്രൂഷ സമർപ്പണത്തിന്റെയും സേവനത്തിന്റെയും മാതൃകയായിരുന്നു. പ്രത്യേകിച്ച് ടെക്സസിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആദ്യകാല വളർച്ചയ്ക്ക് അദ്ദേഹം നൽകിയ നേതൃത്വവും ആത്മീയപിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് ക്നാനായ റീജിയൻ നേതൃത്വം അനുസ്മരിച്ചു.
ചിക്കാഗോ സീറോ മലബാർ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും ക്നാനായ കത്തോലിക്കാ റീജിയന്റെയും ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനകളും ഫാ. ജോസഫിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹം സേവനമനുഷ്ഠിച്ച വിശ്വാസസമൂഹങ്ങൾക്കും അർപ്പിക്കുന്നതായി ക്നാനായ കത്തോലിക്കാ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു.
റവ. ഫാ. ജോസഫ് മേലേടത്തിന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും ദൈവികസാന്ത്വനം ലഭിക്കട്ടെയെന്നും ക്നാനായ കത്തോലിക്കാ റീജിയൻ പ്രാർത്ഥിച്ചു.
















