ന്യൂയോർക്ക്: ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂൻ നൽകിയ വധഗൂഢാലോചനാ കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ഡൽഹി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ല നവംബർ 13-നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരം, അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയിരിക്കുന്നത്. നയതന്ത്ര-ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള മുൻശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
2024-ലാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പന്നൂൻ അമേരിക്കയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ, പന്നൂന്റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിദേശ കോടതികളുടെ രേഖകൾ കൈമാറാനുള്ള അപേക്ഷകൾ കേന്ദ്രത്തിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയേ വരാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ഈ സാഹചര്യത്തിൽ ദോവലിനും ഗോയലിനുമുള്ള സമൻസുകൾ കൈമാറാൻ അമേരിക്കൻ കോടതിയെ ഡൽഹി കോടതികൾ സഹായിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.














