വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കണമെന്ന നിര്‍ദേശം തലക്കുള്ളില്‍ നിന്ന് കേട്ടുവെന്ന അവകാശവാദവുമായി എത്തിയ വെനസ്വേലന്‍ സ്വദേശിയെ വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സര്‍വീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ സംശയാസ്പദമായ രീതിയില്‍ ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
റോണി യോര്ഡ്രിക്സ് ഗ്വാനിപ ക്രിനോസ് എന്നയാളാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, തന്റെ തലക്കുള്ളില്‍ ചില ശബ്ദങ്ങള്‍ കേട്ടെന്നും അമേരിക്കന്‍ തലസ്ഥാനത്തെത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ട്രംപിനെ വധിക്കണമെന്നാണ് അവ നിര്‍ദേശിച്ചതെന്നും ഇയാള്‍ പറഞ്ഞതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് കണ്ടെത്തി. വാഹനത്തില്‍ നിന്ന് മൂന്ന് തോക്കുകളും നിരവധി റൗണ്ട് വെടിയുണ്ടകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും നേരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ സീക്രട്ട് സര്‍വീസും മറ്റ് അന്വേഷണ ഏജന്‍സികളും നടത്തുന്ന നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ അറസ്റ്റും വിലയിരുത്തപ്പെടുന്നത്.
2024 മാര്‍ച്ചില്‍ ടെക്സസ് വഴി അമേരിക്കയിലെത്തിയ വെനസ്വേലന്‍ സ്വദേശിയാണ് ക്രിനോസ്. അനധികൃതമായാണ് ഇയാള്‍ അമേരിക്കയില്‍ കഴിയുന്നതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിലവില്‍ യുഎസ് മാര്‍ഷല്‍സ് സര്‍വീസിന്റെ കസ്റ്റഡിയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ആഭ്യന്തര സുരക്ഷാ വകുപ്പിനെയും സീക്രട്ട് സര്വീസിനെയുമാണ് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടിയത്.
മൂന്ന് തോക്കുകളുമായി വൈറ്റ് ഹൗസിന് സമീപം എത്തിയ അനധികൃത കുടിയേറ്റക്കാരനെ ആര്‍ക്കും അപകടമുണ്ടാക്കുന്നതിന് മുമ്പ് ധീരരായ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
Venezuelan national arrested near the White House with three guns; claims he heard a voice in his head telling him to kill Trump.
















