‘ഒരിക്കലും കീഴടങ്ങില്ല’; ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ ചിത്രവുമായി വൈറ്റ് ഹൗസ്

‘ഒരിക്കലും കീഴടങ്ങില്ല’; ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ ചിത്രവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ‘ഒരിക്കലും കീഴടങ്ങില്ല’ (NEVER SURRENDER) എന്ന സന്ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പങ്കുവെച്ച് വൈറ്റ് ഹൗസ്. ബുധനാഴ്ച്ചയാണ് വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ചിത്രം പുറത്തുവിട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ട്രംപ് ഭരണകൂടം കടുത്ത രാഷ്ട്രീയ സമ്മര്‍ദം നേരിടുന്നതിനിടെയാണ് വൈറ്റ് ഹൗസിന്റെ പോസ്റ്റ്. പ്രത്യേകിച്ച് ഇറാനുമായുള്ള യുദ്ധവും ഭരണകൂടത്തിന്റെ നയങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇറാന്‍ യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വിലയിരുത്തലിനോട് ട്രംപും യോജിച്ചു. യുദ്ധമാണ് തിരിച്ചടിക്ക് കാരണമായതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വാന്‍സിന്റെ നിരീക്ഷണം വലിയൊരളവില്‍ ശരിയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

യുദ്ധം ചെറിയ ഒരു കാലത്തേയ്ക്ക് ഇന്ധനവില ഉയരാന്‍ കാരണമായെന്നും അത് വോട്ടര്‍മാരുടെ അതൃപ്തിക്ക് ഇടയാക്കിയിരിക്കാമെന്നും ട്രംപ് സമ്മതിച്ചു. എന്നാല്‍ ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കാനാകില്ലെന്നും അതിനാല്‍ സൈനിക നടപടി അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും ഇതേ സാഹചര്യം ഉണ്ടായാലും ഇതേ നടപടി സ്വീകരിക്കേണ്ടിവരുുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതാണ് ഏക പരിഹാരമെന്നും ട്രംപ് പറഞ്ഞു.

തന്റെ വ്യക്തിപരമായ ജനപ്രീതി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടായി മാറിയില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. താന്‍ നേരിട്ട് മത്സരിച്ചിരുന്നെങ്കില്‍ പാര്‍ട്ടി വിജയിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നുവെന്നും തനിക്കു ലഭിച്ച പിന്തുണ മറ്റ് സ്ഥാനാര്‍ഥികളിലേക്ക് കൈമാറാന്‍ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, വോട്ടര്‍മാരുടെ അതൃപ്തിക്ക് പ്രധാന കാരണം യുദ്ധമല്ല, ഇന്ധനവിലയിലെ വര്‍ധനയാണെന്നും അദ്ദേഹം വാദിച്ചു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം വീണ്ടും ആരംഭിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി ഇറാന്‍ യുദ്ധത്തെയാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചൂണ്ടിക്കാട്ടിയത്. ആഭ്യന്തര അഭിപ്രായ സര്‍വേകളില്‍ യുദ്ധം, പണപ്പെരുപ്പം, ട്രംപ് ഭരണകൂടത്തിന്റെ അമേരിക്ക ഫസ്റ്റ് നയം, ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നുവെന്നാണ് വാന്‍സിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഭരണകൂടത്തിനുള്ളില്‍ തന്നെ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുകയാണ്.

‘Will never surrender’; White House features image of Trump following setback in midterm elections

Share Email
LATEST excelnclexrn
More Articles
Top