സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
മുല്ലപെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായി, കേരള സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിയും അറിയാതെ തമിഴ്‌നാട് സര്‍ക്കാരിന് മരം മുറിക്കാന്‍ അനുമതി നല്‍കിയ നടപടി അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവുമാണ്. മുല്ലപെരിയാര്‍ റിസര്‍വോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്.
എന്നാല്‍ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ലത്രേ. നവംബര്‍ ആറാം തീയതി ശനിയാഴ്ച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചു കൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. മുല്ലപ്പെരിയാറും ബേബി ഡാമും സെന്‍സ്റ്റീവ് വിഷയ ങ്ങളായതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആ ലോചിച്ചാല്‍ മതിയാകില്ലെന്നിരിക്കെ പ്രസ്തുത ഉദ്യോഗസ്ഥനും ബന്ധപ്പെട്ടവരും സമാധാനം പറയണം.
ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണം. അതേസമയം, ടി.കെ ജോസാണ് മുല്ലപ്പെരിയാറിന്റെ നിരീക്ഷണ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താല്‍ അത് വീണ്ടും വിവാദം ആകാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ പ്രസ്താവന പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പേടികൂടാതെ ജീവിക്കണമെങ്കില്‍ പുതിയ ഡാം വേണമെന്നാണ് ഇവരുടെ ആവശ്യം. ഓരോ തവണ ഷട്ടര്‍ തുറക്കുമ്പോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാന്‍ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും പുരോഗമിക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെ ടുത്തണമെന്നും അങ്ങനെ ഡാമിലെ ജലനിരപ്പ് 152 അടിയാ ക്കി ഉയര്‍ത്തണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു 142 അടിയിലേക്ക് ഉയര്‍ത്താമെന്ന് 2014 മെയ് 7ന് സുപ്രീംകോടതി അഞ്ചംഗബഞ്ച് ഉത്തരവിട്ടിരുന്നു. 2006ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം തമിഴ്‌നാടിന് കേരളം കൂടുത ല്‍ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ രണ്ട് വിധികളുടെ പിന്‍ബലത്തിലാണ് 2014 മുതല്‍ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് കേരളത്തെ സമീപിക്കുന്നത്. പക്ഷേ പലവട്ടം കേരളം ഈ ആവശ്യം തള്ളി. മരങ്ങള്‍ വെട്ടുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. ഇത് അപകടകരമാണ്, കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.
മരം മുറിക്കല്‍ ഉത്തരവ് സര്‍ക്കാരും മന്ത്രിയും അറിഞ്ഞില്ലെ ന്ന വാദം ദുരൂഹമാണെന്ന് ആക്ഷേപമുണ്ട്. കാരണം മുല്ലപ്പെ രിയാര്‍ പ്രശ്‌നം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ തര്‍ക്കവിഷയമാണ്. ആ നിലയ്ക്ക് ഇതുസംബന്ധിച്ച ഏത് തീരുമാനവും നയപരമാണ്. ഏവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മന്ത്രിസഭയാണ് ഇത്തരത്തിലുള്ള തീരുമാനം കൈക്കൊള്ളേണ്ടത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ മറുപടിയില്‍ മാത്രമൊതുങ്ങുന്നില്ല കാര്യങ്ങള്‍.