ന്യൂഡല്‍ഹി: പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളയ്ക്കു 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഒരുലക്ഷം രൂപ) ലഭിച്ചു. ‘ആകസ്മികം’ എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണ് പുരസ്കാരം.
മലയാളം, ഒഡിയ, രാജസ്ഥാനി, നേപ്പാളി എന്നീ ഭാഷകളിലെ ഒഴികെയുള്ള പുരസ്കാരങ്ങള്‍ മാര്‍ച്ച് 12 നു പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ണയ സമിതിക്കു യോഗം ചേരാന്‍ സാധിക്കാത്തതിനാലാണു പ്രഖ്യാപനം വൈകിയത്.പ്രഫ. ഓംചേരിയുടെ (97) ഓര്‍മക്കുറിപ്പുകള്‍ 2018 ലാണു പ്രകാശനം ചെയ്തത്. ‘പ്രളയം’ എന്ന നാടകത്തിന് 1972 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
വൈക്കം സ്വദേശിയായ ഓംചേരി ദീര്‍ഘകാലമായി ഡല്‍ഹിയിലാണു താമസം. ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം പിന്നീടു പല സര്‍ക്കാര്‍ വകുപ്പുകളുടെയും ചുമതല വഹിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാരതീയ വിദ്യാഭവന്‍ ഓണററി ഡയറക്ടര്‍ പദവിയില്‍ നിന്നു 2 വര്‍ഷം മുന്‍പാണു വിരമിച്ചത്.