എ.എസ് ശ്രീകുമാര്‍
പിണറായിയില്‍ വച്ച് രൂപം കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ചരിത്രം. ഇപ്പോഴിതാ എണ്‍പത് ജീവിത വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പിണറായി വിജയനും ചരിത്രത്തിലേക്ക് നടന്നു കയറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മെയ് 24-ാം തീയതി ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ എണ്‍പതാം ജന്‍മദിനം.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നാരംഭിച്ച് വിവിധ പാര്‍ട്ടി പദവികള്‍ ഊര്‍ജ്ജ്വസ്വലമായി അലങ്കരിച്ച് യൗവ്വനകാലത്തിലേ നിയമസഭാ സാമാജികനായി, മന്ത്രിയായി, പാര്‍ട്ടി സെക്രട്ടറിയായി, ഒടുവിലിതാ രണ്ടു വട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രി പദമേറിയ അപൂര്‍വ്വ നേട്ടവും കൈവരിച്ച് പിണറായി എന്ന നാലക്ഷരം ചരിത്ര ലിഖിതത്തിലിടം നേടിയിരിക്കുന്നു.
പുറമെ കാര്‍ക്കശ്യത്തിന്റെയും സ്വാഭാവിക മുഖപടമണിയുമ്പോഴും പുറത്ത് പ്രകടിപ്പിക്കാത്ത അതിവൈകാരികത ഉള്ളില്‍ പേറുന്ന ഒരു സാധാരണ മനുഷ്യനാണ് ഈ ഇരട്ടച്ചങ്കന്‍ എന്ന് അടുപ്പമുള്ളവര്‍ക്കെല്ലാമറിയാം. കോടിയേരി ബാലകൃഷ്ണന് അന്ത്യയാത്രാമൊഴി ഏകുമ്പോള്‍ ആ ദുര്‍ബലത ലോകവും കണ്ടറിഞ്ഞതാണ്. തൊണ്ടയിടറി കണ്ണീരണിഞ്ഞ പിണറായിയിലൂടെ…
യഥാര്‍ത്ഥത്തില്‍ എങ്ങിനെയാണ് പിണറായി വിജയന്‍ വിലയിരുത്തപ്പെടേണ്ടത്…? ഒറ്റ വാചകത്തില്‍ പറയാം. ഇന്ന് കേരളരാഷ്ട്രീയം ഒന്നാകെ പിണറായി വിജയന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. വിജയനെ വാഴ്ത്തുന്നവരും, വിമര്‍ശിക്കുന്നവരും വെറുക്കുന്നവരും ശപിക്കുന്നവരും ആരാധിക്കുന്നവരും അങ്ങിനെ സമൂഹമാകെ പിണറായിയെ പറ്റി ചിന്തിക്കാത്ത, സംസാരിക്കാത്ത, വായിക്കാത്ത, കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലില്ലാതായിരിക്കുന്നു. കേരള രാഷ്ട്രീയത്തിന്റെയല്ല, സാമൂഹ്യ ജീവിതത്തിന്റെയാകെ അജണ്ട സെറ്റ് ചെയ്യുന്ന ഒരു അത്ഭുതമായി മാറിയിരിക്കുന്നു പിണറായി വിജയന്‍ എന്ന ഏകശിലാരൂപം.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ആദ്യവാക്കും അവസാനവാക്കുമായി സര്‍വതും തന്റെ കൈപ്പിടിയിലമര്‍ത്തി പിണറായി കുതിക്കുമ്പോള്‍ നാമോര്‍ക്കുക, പ്രത്യയശാസ്ത്രപരമായ കടുംപിടുത്തങ്ങള്‍ മാറ്റി വച്ച് ഈ മനുഷ്യന്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും മറ്റൊരു മുഖം നല്‍കി. ആ മുഖം നല്‍കല്‍ കൊണ്ടു മാത്രമാണ് ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞ സി.പി.എം കേരളത്തില്‍ ഇന്നും ഊന്നുവടി പിടിച്ചെങ്കിലും ജീവശ്വാസം കഴിക്കുന്നത്. ആ ഊന്നുവടിക്കുള്ള പേരാണ് പിണറായി വിജയന്‍. രണ്ടാം ഇടതുപക്ഷ തുടര്‍ഭരണത്തിന്റെ ക്രെഡിറ്റ് പിണറായി വിജയനു മാത്രം അവകാശപ്പെട്ടതാണ്. ഇനിയും ഒരു എല്‍.ഡി.എഫ്-3.0 ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും വിജയന് മാത്രം!
ഇരട്ടച്ചങ്കന് ആയുരാരോഗ്യങ്ങളും ദീര്‍ഘായുസ്സും നേരുന്നു…
Pinarayi Vijayan turns 80













