ടെഹ്‌റാൻ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചത്തോളം നീണ്ടുനിന്ന വ്യോമാക്രമണങ്ങൾ താത്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, അമേരിക്കയുമായി നിലവിൽ യാതൊരുവിധ സമാധാന ചർച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എത്രകാലം വേണമെങ്കിലും പ്രതിരോധം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ടെലിവിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സമയം നിശ്ചയിക്കാൻ അമേരിക്കയെ ഇറാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ബഖായി തുറന്നടിച്ചു. ഇറാനെതിരെ നടക്കുന്ന സൈനിക ആക്രമണങ്ങളുടെ സമ്പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. നിലവിൽ ബോംബാക്രമണങ്ങൾ നിർത്തിവെച്ചതുകൊണ്ട് മാത്രം അതിനെ ‘വെടിനിർത്തൽ’ എന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയ ട്രംപ്, കഴിഞ്ഞ വാരാന്ത്യത്തിലാണ് ആക്രമണങ്ങൾക്ക് താത്കാലിക ആശ്വാസം പ്രഖ്യാപിച്ചത്. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കളമൊരുക്കുന്നതിനാണ് ഈ ആക്രമണ വിരാമമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രമുഖ വാണിജ്യ പാതയായ ഹോർമൂസ് സമുദ്രസന്ധിയിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാന്റെയും ഒമാന്റെയും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാർ തമ്മിൽ ടെഹ്‌റാനിൽ ചർച്ചകൾ തുടരുകയാണ്. ഈ ഉഭയകക്ഷി ചർച്ചകൾ തികച്ചും ഫലപ്രദമാണെന്നും സമുദ്രസന്ധിയിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും, എന്നാൽ അമേരിക്കയുമായി ഈ ചർച്ചകൾക്ക് യാതൊരു ബന്ധവുമില്ലെന്നും ബഖായി കൂട്ടിചേർത്തു. ഇരു രാജ്യങ്ങളുടെയും പരമാധികാരവും ഇറാന്റെ സുരക്ഷയും പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള സംവിധാനമാണ് വികസിപ്പിക്കുന്നത്.
ആക്രമണങ്ങളിൽ അമേരിക്കയ്ക്ക് കൂട്ടാളികളായി പ്രവർത്തിച്ച ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ ബഖായി രൂക്ഷമായി വിമർശിച്ചു. മുൻ സർക്കാരിനേക്കാൾ കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കുമെന്നാണ് ബ്രിട്ടനിലെ പുതിയ സർക്കാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















