കീവ്: കാസ്പിയൻ കടലിൽ തങ്ങളുടെ വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായെന്ന ഇറാന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി യുക്രൈൻ. റഷ്യയ്ക്ക് ആയുധങ്ങൾ നൽകി യുക്രൈനിലെ ആക്രമണങ്ങൾക്ക് സഹായം നൽകുന്ന ടെഹ്‌റാൻ ഭരണകൂടത്തിന് ഇപ്പോൾ ഇരവാദം ഉന്നയിക്കാൻ യാതൊരു അവകാശവുമില്ലെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
2022 മുതൽ നിരപരാധികളായ യുക്രൈൻ പൗരന്മാരെ കൊലപ്പെടുത്താൻ റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങൾ നൽകുന്ന ഇറാൻ, റഷ്യൻ അധിനിവേശത്തിന്റെ നഗ്നമായ കൂട്ടാളിയാണ്. ഐക്യരാഷ്ട്രസഭാ ചാർട്ടർ ഉയർത്തിക്കാട്ടി തങ്ങളുടെ ഭീഷണികളെ ന്യായീകരിക്കാനോ സ്വയം ഇരയായി ചിത്രീകരിക്കാനോ ഇറാന് അർഹതയില്ലെന്ന് സിബിഹ വ്യക്തമാക്കി.
കരിങ്കടലിൽ സാധാരണക്കാരുടെ ചരക്ക് കപ്പലുകൾക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും ആഗോള ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണികളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനാണ് ഇറാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ശ്രമം വിജയിക്കില്ല. കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് മേലുള്ള റഷ്യയുടെ കടന്നുകയറ്റം യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ ചർച്ചയാകുമെന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച കാസ്പിയൻ കടലിൽ തങ്ങളുടെ വാണിജ്യ കപ്പലിന് നേരെ യുക്രൈൻ ആക്രമണം നടത്തിയെന്നും, ഇത് നഗ്നമായ അധിനിവേശമാണെന്നും ഇറാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണികളെ പൂർണ്ണമായും തള്ളിക്കൊണ്ട് യുക്രൈൻ വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.
















