തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്തിനോട് പരസ്യമായി പറഞ്ഞ് പി.വി അന്‍വര്‍

തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്തിനോട് പരസ്യമായി പറഞ്ഞ് പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോളിങ്ങിനിടെ തമ്മില്‍ കണ്ടപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് സ്വതന്ത്രന്‍ പി.വി അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ചായിരുന്നു പ്രതികരണം. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും അന്‍വര്‍ തയ്യാറായില്ല. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയതായിരുന്നു ഇരുവരും.

പോളിങ് ബൂത്തില്‍ അന്‍വര്‍ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടന്‍ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് അന്‍വര്‍ പറയുകയും ചെയ്തു.

അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം സ്വരാജും ഷൗക്കത്തും കണ്ടുമുട്ടിയപ്പോള്‍ ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും അന്‍വര്‍ സംസാരിച്ചു. രണ്ട് അഭിനേതാക്കള്‍ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്നായരുന്നു സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ അന്‍വര്‍ വിമര്‍ശിച്ചത്. താന്‍ പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. അഭിനയിക്കാനറിയില്ല. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദം വേണം. പക്ഷെ അത് ആത്മാര്‍ഥമായിരിക്കണം. പിന്നില്‍ കൂടി പാര വെക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തിലും പിണറായി വിജയനെതിരെ പിവി അന്‍വര്‍ രംഗത്തെത്തി. ആര്‍എസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണ്. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകള്‍ക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അന്‍വര്‍ ആരോപിച്ചു.

Anwar says to Arryadan Shoukath, please don’t hug me

Share Email
LATEST
More Articles
Top