തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഉദ്യോഗസ്ഥര്‍ക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പര്‍ക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ എന്നിങ്ങനെ മൂന്ന് തലത്തില്‍ ഫയല്‍ തീര്‍പ്പാക്കാനാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സെക്രട്ടറി തലത്തില്‍ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളും കര്‍മ്മപദ്ധതിയും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെട്ട സെക്ഷനുകള്‍ ഉള്‍പ്പെടെ ഇടവേളകളില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കണം. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുന്‍ഗണനാക്രമം നിശ്ചയിച്ച് അദാലത്ത് സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.
ഫയല്‍ അദാലത്തിന് സെക്രട്ടറിമാര്‍ നേരിട്ട് മേല്‍ നോട്ടം വഹിക്കണം. പരമാവധി ഫയലുകള്‍ ഇക്കാലയളവില്‍ തീര്‍പ്പാക്കാന്‍ കഴിയണം. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് തീര്‍പ്പാക്കല്‍ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം. സാങ്കേതികമായി തീര്‍പ്പാക്കാതെ ഫയലിലെ ആവശ്യം തീര്‍പ്പാക്കാനാകണം. ഡയറക്ടറേറ്റുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ഫയല്‍ അദാലത്തിന്റെ മേല്‍നോട്ടവും സെക്രട്ടറി തലത്തില്‍ നടക്കണം. അദാലത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അദാലത്തിന്റെ പുരോഗതി കൃത്യമായ ഇടവേളകളില്‍ സെക്രട്ടറിമാര്‍ പരിശോധിക്കുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുമാണ്. ഓരോ വകുപ്പിലും ഫയല്‍ തീര്‍പ്പാക്കാന്‍ ഉചിതമായ നടപടികള്‍ സെക്രട്ടറി തലത്തില്‍ പ്രത്യേകമായി തയ്യാറാക്കി നല്‍കേണ്ടതാണ്.
സെക്രട്ടേറിയറ്റിനുള്ളില്‍ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി ഒരു മാര്‍ഗനിര്‍ദ്ദേശം ചീഫ് സെക്രട്ടറി തലത്തില്‍ പുറപ്പെടുവിക്കണം. മാസങ്ങളും വര്‍ഷങ്ങളുമായി മറ്റു വകുപ്പുകളില്‍ അഭിപ്രായം കാത്ത് കിടക്കുന്ന ഫയലുകളുണ്ട്. ഇത്തരം ഫയലുകളിലുള്ള അന്തിമ അഭിപ്രായം 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഇതില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ ധനകാര്യവകുപ്പിലാണ് ഉണ്ടാവുക. ധനകാര്യവകുപ്പ് സെക്രട്ടറി ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ആവശ്യമെങ്കില്‍ ഓരോ ഭരണ വകുപ്പും ധനകാര്യവകുപ്പിന് നല്‍കിയിട്ടുള്ള ഫയലുകളില്‍ തീരുമാനത്തിനായി ധനകാര്യ വകുപ്പുമായി ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നതും പരിഗണിക്കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
Departmental arrangements should be completed ahead of the file adalat: Chief Minister