ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, ലെബനീസ് മണ്ണിൽ നിന്നും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണമായ പിന്മാറ്റത്തിനും തടവിലാക്കപ്പെട്ട ലെബനൻ പൗരന്മാരുടെ മോചനത്തിനുമായി രാജ്യം ശ്രമങ്ങൾ ഇരട്ടിയാക്കുമെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. പുതിയ നയതന്ത്ര കരാർ നിലവിലെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
“ഈ കരാർ യുദ്ധത്തിന് വിരാമമിടുമെന്നും ലബനൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കൊലപാതകങ്ങൾ, നാശനഷ്ടങ്ങൾ, പലായനം, മറ്റ് ദുരന്തങ്ങൾ, വേദനകൾ എന്നിവയ്ക്ക് ശാശ്വതമായ അറുതി വരുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” നവാഫ് സലാം പറഞ്ഞു. ഈ സമാധാനപരമായ അന്തരീക്ഷം കൈവരിക്കുന്നതിനായി സംഭാവനകൾ നൽകിയ എല്ലാ അന്താരാഷ്ട്ര ശക്തികൾക്കും അദ്ദേഹം ലബനന്റെ നന്ദി അറിയിച്ചു.
യുദ്ധത്തെത്തുടർന്ന് സ്വന്തം നാട് വിട്ടുപോകേണ്ടി വന്ന ലബനൻ ജനതയ്ക്ക് എത്രയും വേഗം അന്തസ്സോടെയും സുരക്ഷിതമായും തങ്ങളുടെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങിവരാൻ സാധിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലബനൻ ഭരണകൂടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















