ടെഹ്റാൻ: മാനസിക യുദ്ധത്തിന്റെ ഭാഗമായി നടത്തുന്ന പ്രസ്താവനകളാണെങ്കിൽ പോലും ശത്രുരാജ്യങ്ങളുടെ ഭീഷണികളെ ഇറാൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇറാന്റെ കാവൽ പ്രതിരോധ മന്ത്രി മജിദ് ഇബ്ൻ അൽ-റേസ പ്രസ്താവിച്ചു. ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങളിൽ അപകടനിലയിലാകാനോ നിഷ്ക്രിയരായിരിക്കാനോ ഇറാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ പുറത്തുവിട്ട റിപ്പോർട്ടിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം. നിലവിലുള്ള ഭീഷണികളെ അടിസ്ഥാനമാക്കി സൈനിക സജ്ജത വർദ്ധിപ്പിക്കാനും, പ്രത്യാക്രമണ ശേഷിയും പ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുമാണ് ടെഹ്റാൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, കടുത്ത പരിഹാസവുമായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത് വന്നിരുന്നു. പുതിയ സമാധാന കരാറിനുള്ള ചർച്ചകൾക്ക് ധാരണയായെന്നും, ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനാലാണ് ആക്രമണം നീട്ടിവെച്ചതെന്നുമുള്ള ട്രംപിന്റെ അവകാശവാദത്തെ ഇറാൻ മാധ്യമങ്ങൾ പൂർണ്ണമായും തള്ളി.
ഹോർമൂസ് കടലിടുക്ക് ഉടനടി തുറന്നു നൽകുന്നതും ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സമാധാന ചർച്ചകൾക്ക് തങ്ങൾ അഭ്യർത്ഥിച്ചിട്ടില്ലെന്നും, ഹോർമൂസ് സമുദ്രസന്ധിയുമായി ബന്ധപ്പെട്ട നിലപാടുകളിൽ മാറ്റമില്ലെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളെ അമേരിക്കയുടെ പിന്മാറ്റമായാണ് ടെഹ്റാൻ വിശേഷിപ്പിക്കുന്നത്.

















