വാഷിംഗ്ടൺ/റിയാദ്: ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ സൈനിക ആക്രമണങ്ങൾക്ക് തുനിഞ്ഞിരുന്നെങ്കിൽ, അത് വൻതോതിലുള്ള ഇറാനിയൻ തിരിച്ചടികൾക്ക് കാരണമാവുകയും ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് കനത്ത പ്രഹരമായി മാറുകയും ചെയ്യുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ആക്രമണ പദ്ധതികൾ താൽക്കാലികമായി റദ്ദാക്കിയത് ഗൾഫ് രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിലുള്ള ആശങ്ക സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീർ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാ
ൾഡ് ട്രംപിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര ആക്രമണ നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറിയത്.
ഇറാനെ നേരിടുന്നതിൽ കൃത്യമായ അല്ലെങ്കിൽ വിജയകരമായ ഒരു സൈനിക തന്ത്രം അമേരിക്കയുടെ പക്കലില്ലെന്ന് സൗദി അറേബ്യ ഭയപ്പെടുന്നുണ്ടെന്ന് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ത്രിത പാര്സി ചൂണ്ടിക്കാട്ടി. മേഖലയിൽ സംഘർഷം കടുക്കുന്നത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കാവും ഏറ്റവും വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുക. തങ്ങൾ നേരിടുന്ന ദുരിതങ്ങൾ വർദ്ധിക്കുമെന്നല്ലാതെ, സൈനിക നടപടികൾ കൊണ്ട് നിലവിലെ യുദ്ധ സാഹചര്യത്തിനോ യാഥാർത്ഥ്യങ്ങൾക്കോ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവാണ് ആക്രമണ നീക്കത്തെ എതിർക്കാൻ സൗദിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















