ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റൽ സമാധാന കരാറിൽ ഒപ്പുവെക്കുകയും ഹോർമുസ് കടലിടുക്കിലൂടെ ഭാഗികമായി കപ്പൽ ഗതാഗതം പുനരാരംഭിച്ചതായി യുഎസ് പ്രഖ്യാപിക്കകുയും ചെയ്തെങ്കിലും, ഈ പാതയിലൂടെയുള്ള യാത്ര ഇപ്പോഴും അതീവ അപകടസാധ്യത നിറഞ്ഞതാണെന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് ഇൻഡസ്ട്രി വീണ്ടും മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും അതീവ അസ്പഷ്ടമാണെന്ന് പ്രമുഖ ആഗോള കപ്പലുടമകളുടെ സംഘടനയായ ബിംകോ വ്യക്തമാക്കി.
കരാറിനെക്കുറിച്ച് നിലവിൽ അമേരിക്കയും ഇറാനും നൽകുന്ന പ്രസ്താവനകളിൽ കൃത്യതയില്ലെന്ന് ബിംകോയുടെ സുരക്ഷാ വിഭാഗം മേധാവി ജേക്കബ് ലാർസൻ സി.എൻ.എന്നിനോട് പറഞ്ഞു. കപ്പലുകൾ എന്ന് മുതൽ യാത്ര തിരിക്കണം എന്ന സമയക്രമത്തെക്കുറിച്ചോ, മൈനുകൾ ഇല്ലാത്ത സുരക്ഷിതമായ പാതകളെക്കുറിച്ചോ ഉള്ള സുപ്രധാന വിവരങ്ങൾ ഈ പ്രസ്താവനകളിൽ ലഭ്യമല്ല. ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളിലെ ഏകദേശം 2,100 കമ്പനികളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്ന വലിയ കൂട്ടായ്മയാണ് ബിംകോ. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് നിലവിൽ അനുമതിയുണ്ട് എന്ന് കേൾക്കുന്നതിനേക്കാൾ, അത് പൂർണ്ണമായും സുരക്ഷിതമാണ് എന്ന് കപ്പലുടമകൾക്ക് ബോധ്യപ്പെടുകയാണ് ഇനി വേണ്ടതെന്നും ലാർസൻ കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് നിലവിൽ പേർഷ്യൻ ഗൾഫിൽ വലിയ രീതിയിലുള്ള കപ്പൽ കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ബിംകോയുടെ ചീഫ് ഷിപ്പിംഗ് അനലിസ്റ്റ് നീൽസ് രാസ്മുസ്സൻ വ്യക്തമാക്കി. കപ്പൽ ട്രാക്കിംഗ് കമ്പനിയായ ‘കെപ്ലറിന്റെ’ കണക്കുകൾ പ്രകാരം, എണ്ണ കയറ്റിയ 250 ഭീമൻ ടാങ്കറുകൾ ഉൾപ്പെടെ അറബിക് കടലിന്റെ ഉൾക്കടലായ പേർഷ്യൻ ഗൾഫിൽ മാത്രം ഇപ്പോൾ 600 ഓളം ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുത്താലും, നിലവിലുള്ള സുരക്ഷാ ഭീഷണികളും കപ്പലുകളുടെ വൻ തിരക്കും കാരണം ഇവിടെ കുടുങ്ങിക്കിടക്കുന്ന മുഴുവൻ കപ്പലുകൾക്കും സുരക്ഷിതമായി പുറത്തുകടക്കാൻ കുറഞ്ഞത് ഏതാനും ആഴ്ചകളെങ്കിലും എടുക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.















