തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുമ്പ് രാജ്യസഭാംഗമായും രണ്ടു തവണ അടൂരില്‍ നിന്നും നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് തെന്നല എന്‍.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് പതിനൊന്നിനായിരുന്നു തെന്നലയുടെ ജനനം. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി.

കോണ്‍ഗ്രസ് പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതല്‍ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

1998ല്‍  വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡന്റാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടി. പിന്നീട് 2001-ല്‍ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ല്‍ കെ. മുരളീധരന്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

Share Email
LATEST excelnclexrn
More Articles
Top