കോഴിക്കോട്: ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ചരക്കുകപ്പല്‍ കത്തിയമരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു. കപ്പല്‍ നീങ്ങുന്നതും കടലില്‍ കണ്ടെയ്നറുകള്‍ ഒവുകി നടക്കുന്നതും ദൗത്യത്തിന് തടസമെന്നാണ് വിവരം. നാളെ കാലത്ത് ദൗത്യം പുനരാരംഭിക്കും.
തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും രാത്രിയും സംഭവസ്ഥലത്ത് തുടരും. കണ്ടെയ്‌നറുകളില്‍ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ ഏതു നിമിഷവും ഒരു വന്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, അപകടത്തില്‍പ്പെട്ട കപ്പല്‍ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റിയിരുന്നു. രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ ചികില്‍സിക്കും. കാണാതായ 4 പേരെക്കുറിച്ച് ചാതൊരു വിവരവുമില്ല.
കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്.
Singapore ship rescue operations impossible-firefighting suspended temporarily