തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി ഒരേസമയം ഗ്രൂപ്പ് തിരിഞ്ഞ് പ്രവർത്തകർ രംഗത്തിറങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. മൂന്ന് നേതാക്കളുടെയും അനുയായികൾ ബാനറുകളും ഫ്ലെക്സുകളുമായി പ്രകടനങ്ങൾ നടത്തിയതോടെ ഹൈക്കമാൻഡ് നിരീക്ഷകർ എത്തുന്നതിന് മുൻപേ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ വൻ ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടു. വേണുഗോപാലിന്റെ ഭരണപരിചയവും ദേശീയതലത്തിലുള്ള സ്വാധീനവുമാണ് അനുയായികൾ ഉയർത്തിക്കാട്ടുന്നത്. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിലും പുറത്തും നടത്തിയ പോരാട്ടങ്ങൾക്ക് അംഗീകാരമായി വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ സതീശൻ അനുകൂലികൾ വലിയ പ്രകടനങ്ങളാണ് നടത്തിയത്. സിവിൽ സൊസൈറ്റിയുടെ പിന്തുണയും സതീശനുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തഴയരുതെന്ന ആവശ്യവുമായി ആലപ്പുഴയിലും ഹരിപ്പാടും പ്രവർത്തകർ സംഘടിച്ചു. ചെന്നിത്തലയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഈ ഘട്ടത്തിൽ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം വാദിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകർ എം.എൽ.എമാരെ കണ്ട് അഭിപ്രായം തേടാനിരിക്കെ, തെരുവിലെ ഈ ശക്തിപ്രകടനം നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ ഗ്രൂപ്പ് പോര് കൂടുതൽ കടുക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.















