swayamvara
pulimoottil

മാഗിന്റെ പ്രഥമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തി ഷുഗര്‍ലന്‍ഡ് സുല്‍ത്താന്‍സ്‌

മാഗിന്റെ പ്രഥമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തി ഷുഗര്‍ലന്‍ഡ് സുല്‍ത്താന്‍സ്‌

സുജിത്ത് ചാക്കോ

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച ആദ്യ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയര്‍ ലീഗില്‍ (MPL) മിഖായേല്‍ ജോയ് (മിക്കി) നേതൃത്വത്തില്‍ ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് വിജയികളായി. ജൂണ്‍ 22-ന് വൈകിട്ട് സ്റ്റാഫോര്‍ഡ് പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, സാജന്‍ ജോണ്‍ നേതൃത്വം നല്‍കിയ റിച്ച്മണ്ട് സൂപ്പര്‍ ലയണ്‍സിനെതിരെ സുല്‍ത്താന്‍സ് 127 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. റിച്ച്മണ്ട് ടീം 15 ഓവറില്‍ 126/8 എന്ന സ്‌കോറിലൊതുങ്ങിയപ്പോള്‍ സുല്‍ത്താന്‍സ് 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

മത്സരം അവസാന നിമിഷം വരെ ആകാംക്ഷയില്‍ ആയിരുന്നു. മിഖായേല്‍ ജോയ് (42 റണ്‍സ്, 27 പന്ത്, 2 ഫോര്‍, 2 സിക്സ്) നയിച്ച സുല്‍ത്താന്‍സ് ബാറ്റിങ് നിര മിന്നുന്ന പ്രകടനം കാഴ്ചവച്ചു. വിനോദ് നായര്‍ (32 റണ്‍സ്, 32 പന്ത്) പെറ്റ്‌സണ്‍ മാത്യു (22 റണ്‍സ്, 12 പന്ത്) ടീമിന്റെ വിജയത്തിന് ശക്തമായ പിന്തുണ നല്‍കി. ജോജി ജോര്‍ജ് (17 റണ്‍സ്, 12 പന്ത്)ന്റെ ആക്രമണവും ശ്രദ്ധേയമായി. ഫൈനല്‍ മത്സരത്തില്‍ മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍ ആയി സുല്‍ത്താന്‍സ് ടീം ക്യാപ്റ്റന്‍ മിഖായേല്‍ ജോയ് തിരഞ്ഞെടുക്കപെട്ടു.

റിച്ച്മണ്ട് ബൗളിങ് നിരയില്‍ ബിനു ബെന്നിക്കുട്ടി (2 വിക്കറ്റ്) അരുണ്‍ ജോസ് (2 വിക്കറ്റ്) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സുല്‍ത്താന്‍സിന്റെ ശക്തമായ ബാറ്റിങ് നിര അവരെ പരാജയപ്പെടുത്തി. റിച്മണ്ട് ടെക്‌സാസ് സൂപ്പര്‍ ലയന്‍സിനു വേണ്ടി ശ്രീജി ശ്രീനിവാസന്‍ (40 റണ്‍സ്, 31 പന്ത്), ബിനു ബെന്നിക്കുട്ടി (34 റണ്‍സ്, 24 പന്ത്) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. അത്യന്തം ആവേശകരമായ നാടകീയ നിമിഷങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് കിരീടം ഉയര്‍ത്തിയത്.

രാവിലെ നടന്ന സെമിഫൈനലില്‍ ലീഗ് സിറ്റി കൊമ്പന്‍സിനെ (88/7) പരാജയപ്പെടുത്തി റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ (89/6) ഫൈനലില്‍ കടന്നു. രണ്ടാം സെമിയില്‍ സിയന്നാ സൂപ്പര്‍ കിംഗ്‌സ് (118/7) ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സിനെ (119/2) മറികടന്ന് ഫൈനല്‍ പ്രവേശനം നേടി.

21 ജൂണ്‍ രാവിലെ 7.30-ന് ഒന്നാം പാദ മത്സരങ്ങള്‍ പെര്‍ലാന്‍ഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു. മത്സരങ്ങള്‍ മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ വര്‍ണ്ണാഭമായ ജേഴ്‌സികളും അണിഞ്ഞ് ടീം പതാകകളുമായി അണിനിരന്നു. അതിനൊക്കെ ഉയരെ എം പി എല്‍ പതാകയും. സിയന്നാ സൂപ്പര്‍ കിംഗ്‌സിന്റെതായിരുന്നു ഏറ്റവും മികച്ച പ്രകടനം. ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളും പങ്കുചേര്‍ന്ന് വര്‍ണ്ണാഭമായ ബലൂണുകളും ബാനറുകളും ഉയര്‍ത്തി, അകമ്പടിയായി ചെണ്ടമേളവും ഒന്നായി ചേര്‍ന്ന് ഒരു ഉത്സവം അവര്‍ ഒരുക്കി.

തുടര്‍ന്ന് 12 മത്സരങ്ങളിലായി ലീഗ് സിറ്റി കൊമ്പന്‍സ്, സിയെന്ന സൂപ്പര്‍ കിങ്‌സ്, ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്, റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയന്‍സ്, പേര്‍ലന്‍ഡ് പാന്തേര്‍സ്, സ്റ്റാഫോര്‍ഡ് ലയന്‍സ്, റിവെര്‍‌സ്റ്റോണ്‍ ജയ്ന്റ്‌സ്, മിസോറി സിറ്റി ഫാല്‍ക്കന്‍ എന്നീ ടീമുകള്‍ മാറ്റുരച്ചു.

ജിമ്മി സ്‌കറിയ (സിയന്നാ സൂപ്പര്‍ കിങ്‌സ്) 118 റണ്‍സുമായി ടൂര്‍ണമെന്റിന്റെ മികച്ച സ്‌കോറര്‍ ആയി. ജിതിന്‍ ടോം ( മിസോറി സിറ്റി ഫാല്‍ക്കന്‍) 114 റണ്‍സുമായി രണ്ടാം സ്ഥാനത്ത് എത്തി. ആകാശ് നായര്‍ (റിച്മണ്ട് സൂപ്പര്‍ ലയന്‍സ്) 8 വിക്കറ്റുമായി മികച്ച ബൗളര്‍ ആയി. ജോജി ജോര്‍ജ് (ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്) 7 വിക്കറ്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ജിതിന്‍ ടോം ( മിസോറി സിറ്റി ഫാല്‍ക്കന്‍) 10 സിക്‌സറുകള്‍ പറത്തി 86 റണ്‍സുമായി മികച്ച വ്യക്തിഗത സ്‌കോററുമായി.

ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പര്‍ ലയണ്‍സ്) 267 പോയിന്റ് നേടി മികച്ച കളിക്കാരന്‍ ആയപ്പോള്‍ ജോജി ജോര്‍ജ് (ഷുഗര്‍ ലാന്‍ സുല്‍ത്താന്‍സ്) 253 പോയിന്റ് കളും ആയി തൊട്ടു പുറകില്‍ എത്തി. സിയെന്ന സൂപ്പര്‍ കിംഗ്‌സ് ഫെയര്‍പ്ലേ അവാര്‍ഡ് നേടി. മത്സരത്തില്‍ ആകമാനം 2552 റണ്‍സുകള്‍ ഒഴുകി. 134 വിക്കറ്റുകള്‍ വീണു. 88 സിക്‌സുകള്‍ പിറന്നു, 103 ഫോറുകളും. ജോജി ജോര്‍ജ് (4/13) മികച്ച വ്യക്തിഗത ബൗളിംഗ് പുറത്തെടുത്തു.

പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം നിര്‍വഹിച്ചുകൊണ്ട് ടൂര്‍ണമെന്റ് യുവാക്കളുടെ ഒരു വലിയ മേളയായി മാറ്റിയതില്‍ അദ്ദേഹം സംഘാടകരെ അനുമോദിച്ചു. പ്രസിഡന്റ് ജോസ് കെ ജോണ്‍ സെക്രട്ടറി രാജേഷ് വര്‍ഗീസ് എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോണ്‍ ഉമ്മന്റെ ഉടമസ്ഥതയിലുള്ള ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് ഡോളര്‍ 2000 ക്യാഷ് അവാര്‍ഡും ട്രോഫിയും ഒന്നാം സമ്മാനമായി നേടി. ക്രിസ്റ്റഫര്‍ ജോര്‍ജ്, റെജി കുര്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയണ്‍സ് ഡോളര്‍ 1500 ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. ഫാ. ദീപുവും സന്നിഹിതന്‍ ആയിരുന്നു.

തുടക്കം തന്നെ അതി ഗംഭീരമായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് മിഖായേല്‍ ജോയി, മാഗ് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍, പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇതിലും മികച്ചതായി മാഗിനു ഇത് നടത്തുവാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഈ മേള സാര്‍ത്ഥകമാക്കുവാന്‍ അക്ഷീണം യത്‌നിച്ച, അതിന് ഊടും പാവും നെയ്ത മിഖായേല്‍ ജോയ് (മിക്കി)ക്ക് അഭിനന്ദനം. ജോസഫ് കൂനതാന്‍ (തങ്കച്ചന്‍) (ഐ ടി), വിഘനേഷ് ശിവന്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ മികച്ച പിന്തുണ നല്‍കി, പ്രത്യേകം ആദരവ് അര്‍ഹിക്കുന്നു.

ടീം ഉടമകളുടെ നിസ്സീമമായ സഹകരണവും ബോര്‍ഡ് അംഗങ്ങളുടെ ഒത്തൊരുമയും അര്‍പ്പണബോധവും ആണ് ഇതിനെ മികച്ചതാക്കിയതെന്ന് പ്രസിഡന്റ് ജോസ് കെ ജോണ്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി. ടീം ഉടമകളെ പ്രത്യേകമായി അഭിനന്ദിക്കുന്നു. അവരുടെ സഹകരണവും പ്രതിബദ്ധതയും ആണ് ടൂര്‍ണമെന്റിന്റെ വിജയം സെക്രട്ടറി രാജേഷ് വര്‍ഗീസ് അറിയിച്ചു. ട്രഷറര്‍ സുജിത്ത് ചാക്കോ സ്വാഗതം ആശംസിച്ചു. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ് നന്ദി രേഖപ്പെടുത്തി.

ARCOLA DENTAL Prosthodontics & Implant Center, Dr. Navin PathiyilARCOLA DENTAL Prosthodontics & Implant Center, Dr. Navin Pathiyil പ്രധാന ഉപയോക്താവ് ആയിരുന്നു. ടീമുകളെ പിന്തുണച്ച എല്ലാ ഉപയോക്താക്കളെയും നന്ദി അറിയിക്കുന്നു. ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച കളിക്കാരന് ജോജി ജോസഫ് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ബോര്‍ഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, ജോണ്‍ ഡബ്ലിയു വര്‍ഗീസ്, രേഷ്മ വിനോദ്, അലക്‌സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോന്‍ വെള്ളിയാന്‍, റിനു വര്‍ഗീസ് തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. നല്ല ജനക്കൂട്ടം ആയിരുന്നു രണ്ടു ദിവസവും കളി കാണുവാന്‍ എത്തിയത്. ടൂര്‍ണമെന്റിനെ പിന്തുണച്ച എല്ലാ ഹൂസ്റ്റണ്‍ നിവാസികള്‍ക്കും മാഗിന്റെ ബോര്‍ഡ് നന്ദി അറിയിച്ചു.

മാനേജര്‍ മോൻസി കുര്യാക്കോസ്, മുന്‍ പ്രസിഡന്റുമാരായ എബ്രഹാം കെ ഈപ്പന്‍, എസ് കെ ചെറിയാന്‍, ജെയിംസ് ജോസഫ്, വിനോദ് വാസുദേവന്‍, അനില്‍ ആറന്മുള, ജോജി ജോസഫ്, മാത്യൂസ് മുണ്ടക്കല്‍, മുന്‍ പ്രസിഡന്റും ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശിധരന്‍ നായര്‍ തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ടൂര്‍ണമെന്റിന് ആശംസകളുമായി എത്തിയിരുന്നു. മത്സരം തത്സമയം സംപ്രേഷണം ചെയ്ത പ്രശസ്ത റേഡിയോകളായ ദക്ഷിണ്‍, ആഷാ, ബീറ്റസ് ഫ്എം എന്നിവയ്ക്കും മാധ്യമ പ്രവര്‍ത്തകരായ ജീമോന്‍ റാന്നി, അജു വാരിക്കാട് എന്നിവര്‍ക്കും സംഘാടകര്‍ പ്രേത്യേകം നന്ദി രേഖപ്പെടുത്തി.

Sugarland Sulthans lifted first MAGH Premier League cricket trophy

Share Email
LATEST excelnclexrn
More Articles
Top