ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: ഗോവയ്‌ക്കെതിരെ കേരളത്തിന് നാലു വിക്കറ്റ് ജയം

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്:  ഗോവയ്‌ക്കെതിരെ കേരളത്തിന് നാലു വിക്കറ്റ് ജയം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് നാല് വിക്കറ്റ് ജയം. മഴ മൂലം 20 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗോവ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മൂന്ന് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഗോവയെ ഉജ്ജ്വല ബൗളിംഗിലൂടെ കേരളാ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു .ഗോവയുടെ മുന്‍നിര ബാറ്റര്‍മാരെ സിജോമോനും ഷോണ്‍ റോജറും ചേര്‍ന്ന് പുറത്താക്കിയപ്പോള്‍ വാലറ്റത്തെ വരിഞ്ഞു കെട്ടിയ ഫാനൂസ് ഫൈസിന്റെ പ്രകടനവും ശ്രദ്ധേയമായി. സിജോമോന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോണ്‍ റോജറും ഫാനൂസ് ഫൈസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
27 പന്തുകളില്‍ 48 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ ഗഡേക്കര്‍ മാത്രമാണ് ഗോവ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്. ആര്യന്‍ നര്‍വേക്കര്‍ 17ഉം യഷ് കസ്വന്‍കര്‍ 18ഉം റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഷോണ്‍ റോജറിന്റെയും അക്ഷയ് മനോഹറിന്റെയും ഇന്നിങ്‌സുകള്‍ കരുത്തായി. ഷോണ്‍ റോജര്‍ 28ഉം അക്ഷയ് മനോഹര്‍ 46ഉം റണ്‍സ് നേടി. അവസാന ഓവറുകളില്‍ 14 പന്തുകളില്‍ നിന്ന് 24 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ഗോവയ്ക്ക് വേണ്ടി ഹേരാംബ് പരബ്, ദീപ് രാജ് ഗാവോങ്കര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Share Email
Top