തിരുവനന്തപുരം : സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നല്ല, ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നാളെ മുതൽ കെഎസ് ആർടിസിയിൽ സൗജന്യവുമായ യാത്ര. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷിതവും സൗജന്യവുമായ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ പ്രാബല്യത്തിൽ വരും. നാളെ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങുക. സംസ്ഥാനത്തുടനീളമുള്ള 3125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
സൗജന്യ യാത്ര ലഭ്യമാകുന്ന എല്ലാത്തരം ഓർഡിനറി ബസുകളിലും യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവുമാണ് ഈ പ്രത്യേക സ്റ്റിക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. നാളെ മുതൽ ഈ ബസുകളിലെല്ലാം സ്ത്രീകൾക്ക് പൂർണ്ണമായും സൌജന്യമായി യാത്ര ചെയ്യാവുന്നതാണ്.















