തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞ് കിട്ടാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞു തന്നിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പരസ്യമായി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എ.കെ.ജി. സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.
താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും, തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി.ഡി. സതീശൻ തയ്യാറാകാത്തതിലാണ് അദ്ദേഹം അതൃപ്തി സൂചിപ്പിച്ചത്. താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് നൽകിയെങ്കിലും പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എപ്പോൾ അങ്ങോട്ട് മാറുമെന്ന് അറിയില്ലെന്നും, വസതി ഒഴിഞ്ഞാലും പുതിയ ആളുകൾ കയറുന്നതിന് മുൻപ് അവിടെയും അറ്റകുറ്റപ്പണികൾ വേണ്ടിവരുമല്ലോ എന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ മര്യാദകൾ മുൻനിർത്തി പിണറായി വിജയൻ വളരെ പെട്ടെന്ന് തന്നെ ക്ലിഫ് ഹൗസ് പൂർണ്ണമായും ഒഴിഞ്ഞിരുന്നു.
കന്റോൺമെന്റ് ഹൗസ് വി.ഡി. സതീശൻ ഒഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ കഴിയുന്നത്. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾ താമസമാക്കുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമെന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള പിണറായി വിജയന്റെ മാറ്റം ഇനിയും നീളാനാണ് സാധ്യത.















