ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ?: വ്യക്തത വരുത്താതെ ട്രംപ്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ?: വ്യക്തത വരുത്താതെ ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ വ്യക്തത വരുത്താതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇടപെടാം, ഇടപെടാതിരിക്കാം. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിലേക്ക് അമേരിക്ക അടുക്കുകയാണോ എന്ന ചോദ്യത്തിനാണ് ചെയ്യാം ചെയ്യാതിരിക്കാമെന്ന മറുപടി ട്രംപ് നല്‍കിയത്. ‘എനിക്കതൊന്നും പറയാന്‍ കഴിയില്ല. ഞാനത് ചെയ്യാം, ചെയ്യാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ എനിക്ക് പറയാനാകുന്നത്, ഇറാന്‍ വലിയ പ്രശ്‌നത്തിലാണ്. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്.’ ട്രംപ് പറഞ്ഞു.

‘മരണങ്ങള്‍ക്കും നാശങ്ങള്‍ക്കും മുമ്പ് എന്തുകൊണ്ട് നിങ്ങള്‍ എന്നോട് ചര്‍ച്ച നടത്തിയില്ല? രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് ചര്‍ച്ച നടത്തിയില്ല? ഞാന്‍ ചോദിച്ചു.’ ഇറാന്‍ ചര്‍ച്ച ആവശ്യപ്പെട്ടെന്നും വൈറ്റ് ഹൗസിലേക്ക് എത്താമെന്ന് പറഞ്ഞെന്നും അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.

‘അത് ബുദ്ധിമുട്ടാണ്. ഒരുപാട് വൈകിപ്പോയി. ഇപ്പോള്‍ ചര്‍ച്ച ആവശ്യപ്പെടുന്നതും ഒരാഴ്ച മുമ്പ് ചര്‍ച്ച ആവശ്യപ്പെടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌.’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ആണവപദ്ധതിക്ക് പിന്നില്‍ ഇറാനികള്‍ക്ക് മോശം ഉദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനികള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയുടെ പ്രസ്താവന സംബന്ധിച്ചും ട്രംപ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ പറയുന്നു’ എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചകള്‍ക്ക് സമീപിച്ചെന്ന് ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ‘വൈറ്റ് ഹൗസിന്റെ പടിവാതില്‍ക്കല്‍ ചെന്ന് കേഴാന്‍ ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.’ യുഎന്നിലെ ഇറാന്‍ പ്രതിനിധിസംഘം പ്രതികരിച്ചു. ട്രംപ് നുണയനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇറാന്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല. ചെയ്യില്ല. അതിന്റെപേരിലുള്ള സമാധാനവും സ്വീകരിക്കില്ല. പ്രസിദ്ധിക്ക് വേണ്ടി നടക്കുന്ന ഒരു മുന്‍കാല യുദ്ധക്കൊതിയനുമായി ഇത് തീര്‍ച്ചയായും ചെയ്യില്ല. ഏത് ഭീഷണിക്കും ഇറാന്‍ ഉചിതമായി പ്രതികരിക്കും, ഏത് സൈനിക നടപടിക്കും തിരിച്ചടിയുണ്ടാകും.’ ഇറാന്‍ പ്രതിനിധി സംഘം പറഞ്ഞു.

Will the US join the Israel-Iran conflict?

Share Email
LATEST excelnclexrn
More Articles
Top