ന്യൂയോർക്ക്: യുഎസ് ഇമിഗ്രേഷൻ കോടതികളിൽനിന്ന് 17 ജഡ്ജിമാരെ മുന്നറിയിപ്പുകളില്ലാതെ പിരിച്ചുവിട്ട നടപടി രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമെന്നും കൂടുതൽ ആളുകളെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ജഡ്ജിമാരെ പിരിച്ചുവിട്ടതെന്നും ജഡ്ജിമാരുടെ യൂണിയൻ ആരോപിച്ചു. രാജ്യത്തെ ഇമിഗ്രേഷൻ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സമയത്തും ട്രംപ് ഭരണകൂടം കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഘട്ടത്തിലുമാണ് ഇത്രയും ജഡ്ജിമാരെ പിരിച്ചുവിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ടെക്സസ്, ന്യൂയോർക്ക്, കാലിഫോർണിയ, ഒഹായോ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ ജഡ്ജിമാരെയാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ എഞ്ചിനീയേഴ്സ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ജഡ്ജിമാരെ വെള്ളിയാഴ്ചയും രണ്ട് പേരെ തിങ്കളാഴ്ചയും പിരിച്ചുവിട്ടു.
യുഎസ് കോൺഗ്രസ് 800 ഇമിഗ്രേഷൻ ജഡ്ജിമാരെ നിയമിക്കാൻ ഉത്തരവ് നൽകിയിട്ടും മതിയായ കാരണങ്ങളില്ലാതെ ജഡ്ജിമാരെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പൊതുജന താൽപ്പര്യത്തിന് എതിരും വിഡ്ഢിത്തവുമാണെന്നും യൂണിയൻ പ്രസിഡന്റ് മാറ്റ് ബിഗ്സ് പറഞ്ഞു. ജഡ്ജിമാരെ പിരിച്ചുവിടുന്നത് നിർത്തി പുതിയ ആളുകളെ നിയമിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം പല കുടിയേറ്റക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ജഡ്ജിമാരെ പിരിച്ചുവിടുന്നത് മൂലം തിരിച്ചടി നേരിടുന്നത് കുടിയേറ്റക്കാർക്കാണ്. പലർക്കും നിയമസഹായം ലഭിക്കില്ലെന്നും ഭയമുണ്ട്.
യുഎസ് ഇമിഗ്രേഷൻ കോടതികളിൽ ഏകദേശം 3.5 ദശലക്ഷം കുടിയേറ്റ കേസുകളാണ് കെട്ടിക്കിടക്കുന്നത്. അതിനാൽ, ജഡ്ജിമാർക്ക് പല കേസുകളും പരിഗണിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തേക്കാം. സാധാരണ കോടതികളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇമിഗ്രേഷൻ കോടതികളിൽ ലഭിക്കില്ല. അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ സൗജന്യമായി സഹായിക്കാൻ ആരുമുണ്ടാകില്ല. അവർ സ്വന്തമായി പണം മുടക്കി വക്കീലിനെ വെക്കുകയോ അല്ലെങ്കിൽ സ്വന്തമായി കേസ് വാദിക്കുകയോ ആണ് പതിവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ജൂലൈ 11 മുതൽ 14 വരെയുള്ള തീയതികളിലാണ് 10 സംസ്ഥാനങ്ങളിലെ 17 ജഡ്ജിമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത്. കാലിഫോർണിയ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസെറ്റ്സ്, ന്യൂയോർക്ക്, ഒഹായോ, ടെക്സസ്, യൂറ്റാ, വിർജീനിയ എന്നിവിടങ്ങളിലെ കോടതികളിലെ ജഡ്ജിമാർക്കാണ് ഈ അപ്രതീക്ഷിത നടപടി നേരിടേണ്ടിവന്നത്. ഈ കോടതികളിൽ കൂടുതലും കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
17 judges dismissed from US immigration courts: Huge protests and discussions in the country













