അമേരിക്കയിലുള്ള പ്രവാസി മലയാളിയുടെ ഒന്നരക്കോടി രൂപയുടെ വീടും സ്ഥലവും തട്ടിയെടുത്തു; യുവതിയും വയോധികയും അറസ്റ്റിൽ

അമേരിക്കയിലുള്ള പ്രവാസി മലയാളിയുടെ ഒന്നരക്കോടി രൂപയുടെ വീടും സ്ഥലവും തട്ടിയെടുത്തു; യുവതിയും വയോധികയും അറസ്റ്റിൽ
Share Email

തിരുവനന്തപുരം: അമേരിക്കയിലുള്ള പ്രവാസി മലയാളിയുടെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ യുവതിയും വയോധികയും ഉൾപ്പെടെ രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിലായി. പുനലൂർ സ്വദേശി മെറിൻ ജേക്കബ് (27), വട്ടപ്പാറ സ്വദേശി വസന്ത (75) എന്നിവരാണ് അറസ്റ്റിലായത്.

ശാസ്തമംഗലം ജവഹർ നഗറിലെ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികൾ തട്ടിയെടുത്തത്. ഡോറ അമേരിക്കയിലായിരുന്ന സമയത്തായിരുന്നു തട്ടിപ്പ്. ഡോറയ്ക്ക് പകരം അതേ രൂപസാദൃശ്യമുള്ള വസന്തയെ ഡോറയായി അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മെറിൻ, ഡോറയുടെ വളർത്തുമകളാണെന്ന് വരുത്തിത്തീർത്ത് വ്യാജ പ്രമാണങ്ങളും വ്യാജ ആധാർ കാർഡുമുണ്ടാക്കി വീടും സ്ഥലവും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് അതേ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് ഈ വസ്തു വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളുടെ പേരിലായതറിഞ്ഞ വീടിന്റെ സൂക്ഷിപ്പുകാരൻ മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

രജിസ്ട്രാർ ഓഫീസിലെ രേഖകളിലെ വിരലടയാളം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. വ്യാജപ്രമാണങ്ങളും വ്യാജ ആധാർ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

A house and land worth Rs. 1.5 crore of an expatriate Malayali in the US were stolen

Share Email
Top