ബീജിംഗ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനും അമേരിക്കയും തമ്മിൽ ഒരു സമാധാന കരാറിലെത്താൻ ഷി ജിൻപിംഗ് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. “വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിൽ താൻ തയ്യാറാണെന്ന് അദ്ദേഹം (ഷി) അറിയിച്ചു. ഒരു ധാരണയിലെത്താൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്,” ട്രംപ് വ്യക്തമാക്കി.
ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന രാജ്യം എന്ന നിലയിൽ ഹോർമുസ് കടലിടുക്ക് തുറന്നു കിട്ടേണ്ടത് ചൈനയുടെ കൂടി ആവശ്യമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. “അത്രയധികം എണ്ണ വാങ്ങുന്ന ഒരാൾക്ക് സ്വാഭാവികമായും ഇറാനുമായി നല്ല ബന്ധമുണ്ടാകും. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകിടക്കാൻ ഷി ജിൻപിംഗും ആഗ്രഹിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ യുദ്ധസാഹചര്യത്തിൽ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് അടഞ്ഞുകിടക്കുന്നത് ആഗോള വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനയുടെ ഇടപെടൽ നിർണ്ണായകമായേക്കാം.















