ബീജിംഗ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സഹായം വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച ബീജിംഗിൽ നടന്ന ഉന്നതതല ചർച്ചയ്ക്കിടെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള ഷി ജിൻപിംഗ് ഈ നിലപാട് വ്യക്തമാക്കിയത്. ഇറാനിയൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയ്ക്ക് വിഷയത്തിൽ ഇടപെടാൻ താല്പര്യമുണ്ടെന്ന് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഏത് തരത്തിലുള്ള സഹായത്തിനും താൻ തയ്യാറാണെന്ന് ഷി ജിൻപിംഗ് അറിയിച്ചതായും ട്രംപ് പറഞ്ഞു. ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് തുറന്നു കിട്ടാൻ ചൈനയ്ക്കും താല്പര്യമുണ്ട്. നിലവിൽ യുദ്ധം കാരണം അടഞ്ഞുകിടക്കുന്ന ഈ പാത തുറന്നുകിടക്കണമെന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും യോജിച്ചു. കടലിടുക്കിനെ സൈനികവൽക്കരിക്കുന്നതിനോ അവിടെ നികുതി ഏർപ്പെടുത്തുന്നതിനോ ചൈനയ്ക്ക് യോജിപ്പില്ലെന്നും ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ അമേരിക്ക വ്യക്തമാക്കി.
എന്നാൽ, ഇറാൻ വിഷയത്തിൽ ചൈനയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ബാധിക്കുന്ന പ്രധാന വിഷയമെന്ന നിലയിലാണ് ചർച്ചയിൽ ഇത് പരാമർശിച്ചതെന്നും, അമേരിക്കയുടെ നിലപാട് ചൈനയെ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് ഇടപെടലിനോട് അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്.















