ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാത്തത് വലിയ നഷ്ടം; പിണറായിയെയും ഉടൻ കാണുമെന്നും സതീശൻ

ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാത്തത് വലിയ നഷ്ടം; പിണറായിയെയും ഉടൻ കാണുമെന്നും സതീശൻ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വി.ഡി. സതീശൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി. ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണകാലം 2006 മുതൽ 2011 വരെയുള്ള കാലഘട്ടമായിരുന്നുവെന്ന് അനുസ്മരിച്ചു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന ആ സമയത്താണ് നിയമസഭയിൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ തനിക്ക് കൂടുതൽ അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചതെന്നും സതീശൻ പറഞ്ഞു.

മന്ത്രിയാകാൻ കഴിയാത്തതല്ല, മറിച്ച് ഉമ്മൻ ചാണ്ടി നയിച്ച മന്ത്രിസഭയിൽ അംഗമാകാൻ കഴിയാത്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് വി.ഡി. സതീശൻ വികാരാധീനനായി പറഞ്ഞു. അധികാരത്തിന്റെ പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കില്ലെന്നതാണ് തന്റെ ഉറച്ച തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ചാലും പരാതികൾ കേട്ട് ഉചിതമായ നടപടിയെടുക്കുന്ന ഉമ്മൻ ചാണ്ടിയുടെ ശൈലി മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാൻ പോകുമെന്ന് വി.ഡി. സതീശൻ അറിയിച്ചു. ഇന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കും. ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യം പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. യുഡിഎഫ് മുന്നണിയുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാകും വരും ദിവസങ്ങളിൽ ലക്ഷ്യമിടുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Share Email
LATEST excelnclexrn
More Articles
Top