ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ പിടിയിലായി. ഇന്ത്യയിലെ കേസുമായി ബന്ധപ്പെട്ട് നിഹാലിനെ കണ്ടെത്തി നാടുകടത്തണമെന്ന സിബിഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെ ആവശ്യം നിലനിൽക്കെയാണ് അറസ്റ്റ്. ബെൽജിയം പൗരനായ നിഹാൽ മോദിയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വ്യാജരേഖകളുണ്ടാക്കി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിഹാലിനെതിരെ കേസ് എടുത്തിരിക്കുന്നത്. നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവരും നിഹാൽ മോദിക്കൊപ്പം സിബിഐ, ഇ.ഡി കേസുകളിൽ പ്രതികളാണ്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. കേസുകൾക്ക് പിന്നാലെ യുകെയിൽ അഭയം തേടിയ നീരവ് മോദിയെ 2019 മാർച്ചിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലണ്ടൻ ജയിലിലുള്ള നീരവിനെ 2019-ൽ സാമ്പത്തിക കുറ്റകൃത്യത്തിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മെഹുൽ ചോക്സിയെ കഴിഞ്ഞ ഏപ്രിലിൽ ബെൽജിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018-ൽ ഇന്ത്യ വിട്ട ചോക്സി ആൻ്റിഗ്വ ആൻഡ് ബാർബഡോസിൽ പൗരത്വം നേടി താമസിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. സിബിഐയുടെ അപേക്ഷയെ തുടർന്നായിരുന്നു ഈ നടപടി.
13,500 കോടിയുടെ വായ്പാതട്ടിപ്പിൻ്റെ സൂത്രധാരൻ നിഹാൽ മോദിയാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഷെൽ കമ്പനികൾ, സങ്കീർണ്ണമായ വിദേശ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് വലിയ തോതിൽ കള്ളപ്പണം കൈമാറ്റം ചെയ്യുന്നതിൽ നിഹാൽ നിർണായക പങ്ക് വഹിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്ക് നീരവ് മോദിയെ സഹായിച്ചത് നിഹാൽ ആണെന്ന് നേരത്തെ ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. നീരവ് മോദിയുടെ അടുത്ത സഹായിയായി അറിയപ്പെടുന്ന മിഹിർ ആർ ബൻസാലിക്കൊപ്പം നിഹാൽ ദുബായിൽ നിന്ന് 50 കിലോ സ്വർണ്ണവും, പണവും ഇന്ത്യയിലേക്ക് കടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.
Nirav Modi’s brother Nihal Modi arrested in US