ടെഹ്റാൻ: വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതകൾ അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാക്കുന്നു. ഇറാനിലെ ഭരണസംവിധാനത്തിനുള്ളിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസം ചർച്ചകളെ സങ്കീർണ്ണമാക്കുമെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധനായ അലി ഫതൊല്ല നെജാദ് നിരീക്ഷിക്കുന്നു. പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജ്യത്തെ സാമ്പത്തിക തകർച്ച പരിഗണിച്ച് നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോൾ, ഇതിനെതിരായ നിലപാടാണ് മറ്റൊരു വിഭാഗം സ്വീകരിക്കുന്നത്.ഇറാനിയൻ റവല്യൂഷണറി ഗാർഡിന്‍റെ പിന്തുണയുള്ള രണ്ടാമത്തെ വിഭാഗം അമേരിക്കയുമായി യാതൊരുവിധ കരാറിലേർപ്പെടാനും താല്പര്യപ്പെടുന്നില്ല.
പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ യുദ്ധവും പ്രതിരോധവും തുടരണമെന്നാണ് ഇവരുടെ നിലപാട്. നയതന്ത്രസംഘത്തെ നയിക്കുന്ന ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ഒരു വശത്തും, സൈനിക മേധാവികൾ മറുവശത്തുമായി നിൽക്കുന്നത് ചർച്ചകളുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരും സംശയിക്കുന്നു.
എന്നാൽ ഇത്തരം ഭിന്നതകൾ ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ നിലപാട്.അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥർ നൽകുന്ന വിരുദ്ധ സൂചനകൾ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ കഴിഞ്ഞ ദിവസം ആരോപിച്ചു. വൈറ്റ് ഹൗസുമായി ചരിത്രപരമായ അവിശ്വാസം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തർക്കങ്ങൾക്കിടയിലും സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഉന്നത ഉദ്യോഗസ്ഥരും പാകിസ്ഥാനിലേക്ക് തിരിക്കും. ഇതേ ദിവസം തന്നെ ഇറാനിയൻ പ്രതിനിധി സംഘവും പാകിസ്ഥാനിൽ എത്തുമെന്നാണ് വിവരം. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഈ അവസാനവട്ട ശ്രമം വിജയിക്കുമോ എന്ന് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.













