swayamvara
pulimoottil

ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ 2026 പ്രഖ്യാപിച്ചു ‘അതിരുകള്‍ കടന്ന് മലയാളം പ്രവാസ സാഹിത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി ഫൊക്കാന സാഹിത്യസമ്മേളനം

ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ 2026 പ്രഖ്യാപിച്ചു ‘അതിരുകള്‍ കടന്ന് മലയാളം പ്രവാസ സാഹിത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി ഫൊക്കാന സാഹിത്യസമ്മേളനം

കോരസണ്‍ വര്‍ഗീസ് (സാഹിത്യസമ്മേളന ചെയര്‍മാന്‍)

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കുടക്കീഴിലുള്ള സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. മലയാള സാഹിത്യത്തിന് വളരെ പ്രാധാന്യം നല്‍കുന്നതോടൊപ്പം നോര്‍ത്ത് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന എന്നും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഫൊക്കാന മലയാളികളുടെ മനസ്സില്‍ ചേക്കേറിയതും നിലനില്‍ക്കുന്നതും.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രെഷറര്‍ ജോയ് ചാക്കപ്പന്‍, സാഹിത്യസമ്മേളന ചെയര്‍മാന്‍ കോരസണ്‍ വര്‍ഗീസ്, കെ.കെ ജോണ്‍സണ്‍ (കോ-ചെയര്‍മാന്‍), സന്തോഷ് പാലാ എന്നിവര്‍ സംയുക്തമായി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഇത്തവണ ഓരോ കാറ്റഗറിയിലും അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ലഭിച്ചു. പലതും ഒന്നിനൊന്നു മികച്ചതായതിനാല്‍ ഒരു തിരെഞ്ഞെടുപ്പ് വളരെ പ്രയാസമായിരുന്നു എന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡ് എഴുത്തുജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്, അത് ഒരു വലിയ ഉത്തരവാദിത്തംകൂടിയാണ്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നുകരുതി മോശമായ ഒരു പുസ്തകമാണ് എന്നു കരുതരുത്. അമേരിക്കന്‍ എഴുത്തുകള്‍ ഉയര്‍ന്ന തലത്തിലേക്കു അറിയാതെ കടന്നുകഴിഞ്ഞു. ഇവിടെയുള്ള എഴുത്തുകൂട്ടങ്ങളും വായനാ കൂട്ടങ്ങളും അതിനു നിമിത്തങ്ങളായി മാറി.

ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ – 2026

നോവല്‍

ക്രൈം ഇന്‍ 1619 – സാംസി കൊടുമണ്‍

ചെറുകഥ

മാണീം ഇന്ദിരാഗാന്ധീം – പ്രിയ ജോസഫ്

കവിത

നടക്കാനിറങ്ങിയ കവിത – ജോസഫ് നമ്പിമഠം

യാത്രാവിവരണം

ലേഡി ലിബര്‍ട്ടി – എസ്. അനിലാല്‍
മഞ്ഞില്‍ വിരിഞ്ഞ റഷ്യ – ബാബു പാറയ്ക്കല്‍

ലേഖനം / ഓര്‍മ്മ

വെയില്‍ചായും നേരം – റഹിമാബി മൊയ്തീന്‍

ഫൊക്കാന ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍

അനിരുദ്ധന്‍ അവാര്‍ഡ്

ജനകീയനായ ജനനായകന്‍ – ഡോ. മാമ്മന്‍ സി. ജേക്കബ്

ജോര്‍ജ്ജ് മണ്ണിക്കരോട്ട് അവാര്‍ഡ്

പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍ – അബ്ദുല്‍ പുന്നയൂര്‍ക്കുളം

മറിയാമ്മ പിള്ള അവാര്‍ഡ്

ആത്മായനം – ബിന്ദു കാന

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍


ഊന്നുവടി – ഡോ. മാത്യു ജോയിസ്
പാടുന്നു പാഴ്മുളം തണ്ടുപോലെ – ജയന്‍ വര്‍ഗീസ്
രാമഴവില്ല് – ഫിലിപ്പ് തോമസ്
പതിനെട്ടാം സ്ഥലം – സീന ജോസഫ്
പുരാതന വൈദ്യശാസ്ത്ര ചരിത്രം – ഡോ. സലീമ ഹമീദ്
ഫൊക്കാന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍
ഡോ. എ. കെ. ബി. പിള്ള
ജോര്‍ജ്ജ് മണ്ണിക്കരോട്ട്


പ്രവാസ മലയാള സാഹിത്യത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര വേദി
2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഭാഗമായി വിപുലമായ സാഹിത്യസമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘അതിരുകള്‍ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെയും സാഹിത്യപ്രേമികളുടെയും സംഗമവേദിയാകും.

പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍, സാഹിത്യകാരനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. വി. മോഹന്‍കുമാര്‍, ജോണ്‍ മുണ്ടക്കയം, ഡോ.പ്രമീളാദേവി, പി.പി. ജെയിംസ് എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും. കൂടാതെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, സംവാദങ്ങള്‍, സംവേദനങ്ങള്‍, വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ സാഹിത്യ അവാര്‍ഡ് ജേതാക്കളെയും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാക്കളെയും ആദരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരും പ്രസാധകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ ചടങ്ങ് പ്രവാസ മലയാള സാഹിത്യചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫൊക്കാനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യസമ്മേളനം മലയാള ഭാഷയുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും പ്രവാസ തലമുറകളില്‍ മലയാള വായനയും സാഹിത്യസൃഷ്ടിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രപരമായ സംരംഭമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

സാംസി കൊടുമണ്‍ :
ന്യൂയോര്‍ക്കില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി താമസിക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ നോവലിസ്റ്റാണ് സാംസി. സമകാലിക സാഹിത്യത്തിലെ ഒരു മികച്ച ശബ്ദമായ അദ്ദേഹം തന്റെ മാതൃഭാഷയായ മലയാളത്തില്‍ എട്ട് പുസ്തകങ്ങളും സ്വന്തം കൃതിയുടെ ശ്രദ്ധേയമായ ഒരു ഇംഗ്ലീഷ് വിവര്‍ത്തനവും രചിച്ചിട്ടുണ്ട്. ചരിത്രത്തോടുള്ള ആജീവനാന്ത അഭിനിവേശത്താല്‍ പ്രചോദിതനായ സാംസി, നീതി, സഹാനുഭൂതി, നിലനില്‍ക്കുന്ന മനുഷ്യാത്മാവ് എന്നിവയുടെ ആഴത്തിലുള്ള പര്യവേക്ഷണത്താല്‍ നയിക്കപ്പെടുന്ന ആഖ്യാന ലോകങ്ങള്‍ സൃഷ്ടിക്കുന്നു. അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവന്ന അന്വേഷണംകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന പുസ്തകമാണ് ക്രൈം ഇന്‍ 1619. 480 പേജുള്ള ഈ പുസ്തകം തയ്യാറാക്കാനായി ദീര്‍ഘകാലത്തെ സാഹസിക ഗവേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരളി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ എഴുത്തിടങ്ങളില്‍ സജ്ജീവ സാന്നിധ്യമാണ് സാംസി. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വായനശാല ഉണ്ടാക്കുന്നതിനും വിചാരവേദി എന്ന സാഹിത്യസംഘടനയുടെ അമരക്കാരനുമായി പ്രവര്‍ത്തിക്കുന്നു.

പ്രിയ ജോസഫ്:
പ്രിയ ജോസഫിന്റെ ആദ്യ ചെറുകഥാസമാഹാരമായ മാണീം ഇന്ദിരാഗാന്ധീം, 2025 സെപ്റ്റംബറില്‍ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്. 1991ലും 1992ലും ചെറുകഥയ്ക്കുള്ള ഗൃഹലക്ഷ്മി അവാര്‍ഡ് നേടിയിട്ടുള്ള പ്രിയ, നീണ്ട ഒരു ഇടവേളയ്ക്കു ശേഷം 2018 മുതലാണ് വീണ്ടും എഴുത്തിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ അനുഭവക്കുറിപ്പുകളും ഓര്‍മ്മക്കുറിപ്പുകളും ചെറുകഥകളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. 2022 ഇല്‍ സംസ്‌കൃതി സി.വി. ശ്രീരാമന്‍ പുരസ്‌കാരവും പ്രിയയെ തേടിയെത്തിയിരുന്നു. ഡോ. രാധിക മേനോന്‍ വിവര്‍ത്തനം ചെയ്ത ”മാണീം ഇന്ദിരാഗാന്ധീം” 2024ലെ ജോണ്‍ ഡ്രൈഡന്‍ ട്രാന്‍സ്ലേഷന്‍ കോമ്പറ്റീഷന്റെ ലോങ്ങ്ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. ഷിക്കാഗോയിലെ സൗത്ത് ബാരിംഗ്ടണില്‍ താമസിക്കുന്ന പ്രിയ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നു.

ജോസഫ് നമ്പിമഠം:
കവിതയുടെ വഴിയിലൂടെ, അരനൂറ്റാണ്ടു പിന്നിട്ടു സഞ്ചാരം തുടരുന്ന എഴുത്തുകാരനാണ് ശ്രീ ജോസഫ് നമ്പിമഠം.1970 കള്‍ മുതല്‍, ദീപിക, കേരള ഭൂഷണം തുടങ്ങിയ മാധ്യമങ്ങളില്‍ കൂടിയാണ് ആണ് എഴുത്തിന്റെ തുടക്കം. ചെറു കഥകളും ലേഖനങ്ങളും ആയിരുന്നു ആദ്യ കാലങ്ങളില്‍ എഴുതിയിരുന്നത്. 1975 ല്‍ എഴുതിയ ‘പുതുയുഗപ്പിറവി’ എന്ന കവിതയാണ് പ്രസിദ്ധീകരിച്ച ആദ്യ കവിത. 2025 ല്‍ എഴുതിയ’നടക്കാനിറങ്ങിയ കവിത’ യാണ് ഏറ്റവും അവസാനം എഴുതിയ മലയാളം കവിത. ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി, പ്രസിഡന്റ്, അമേരിക്കയിലെ എഴുത്തുകാരുടെ കേന്ദ്ര സംഘടനയായ ലാനയുടെ ആദ്യ സെക്രട്ടറി, രണ്ടാമത്തെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ല്‍ കേരളത്തില്‍ നിന്നും യുവദീപ്തി, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ ചെറുകഥക്ക് ഒന്നാം സ്ഥാനവും ലേഖന രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. 2025 ല്‍ സുകുമാര്‍ അഴീക്കോടിന്റെ സ്മരണയിലുള്ള തത്ത്വമസി സാഹിത്യ പുരസ്‌ക്കാരം’നടക്കാനിറങ്ങിയ കവിത’ക്ക് ലഭിച്ചു. അമേരിക്കയിലെയും കേരളത്തിലെയും മാധ്യമങ്ങളില്‍ സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

എസ്. അനിലാല്‍:
കഥ, യാത്രാവിവരണം, അനുഭവം/ഓര്‍മ്മ, ലേഖനം തുടങ്ങിയ സാഹിത്യശാഖകളില്‍ സജീവമായി എഴുതിവരുന്നു. ഫിത്ര്‍ സക്കാത്ത് എന്ന ചെറുകഥാസമാഹാരത്തിന് 2024-ലെ ഫൊക്കാന കാരൂര്‍ നീലകണ്ഠപ്പിള്ള പുരസ്‌കാരം ലഭിച്ചു. സബ്രീന എന്ന കൃതിക്ക് 2022-ല്‍ ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്‌കാരവും കേരള ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ എബ്രഹാം തെക്കേമുറി പ്രവാസകഥ പുരസ്‌കാരം (2026). 2021-ല്‍ ടി. എ. റസാക്ക് കഥാ പുരസ്‌കാരവും നേടിയിട്ടുണ്ട്. പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളും സാമൂഹിക-സാംസ്‌കാരിക പരിവര്‍ത്തനങ്ങളും രചനകളിലെ പ്രധാന പ്രമേയങ്ങളാണ്. മനുഷ്യസ്‌നേഹവും സാമൂഹികബോധവും ലാളിത്യവും സമന്വയിക്കുന്ന എഴുത്തുശൈലിയില്‍ വിശ്വസിക്കുന്നു. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് സജീവം. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA)യുടെ പ്രസിഡന്റായിരുന്നു. സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ദി ടെസ്റ്റമെന്റ്, സമയരഥം പിന്നോട്ട് എന്നീ ഡോക്യുമെന്ററികളും മനസ്സറിയാതെ എന്ന മിനി സിനിമയും രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ അനിലാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്.

ബാബു പാറയ്ക്കല്‍:
ചങ്ങനാശേരി മാടപ്പള്ളിയില്‍ ജനനം. വിദ്യാഭ്യാസം നാട്ടിലും ബോംബെയിലും ന്യൂയോര്‍ക്കിലും. ന്യൂയോര്‍ക്ക് മെട്രോയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു. പതിനെട്ടാമത്തെ വയസ്സില്‍ മനോരാജ്യം വാരികയില്‍ ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചു. അന്‍പതിലധികം ചെറുകഥകളും കവിതകളും ലേഖനങ്ങളും സമകാലീന പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നോവല്‍ ‘നിറങ്ങളില്‍ ജീവിക്കുന്നവര്‍’ 2010 ല്‍ പ്രസിദ്ധീകരിച്ചു. ആദ്യ ചെറുകഥാ സമാഹാരം, ‘മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ 2018 ല്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഷോര്‍ട്ട്ഫിലിം, ‘ഇന്‍സൈറ്റ്’ (42 മിനിറ്റ്) കഥയും രചനയും സംഭാഷണവും സംവിധാനവും ചെയ്തു 2024 ല്‍ പുറത്തിറക്കി. ‘മഞ്ഞില്‍ വിരിഞ്ഞ റഷ്യ’ എന്ന ആദ്യത്തെ യാത്രാവിവരണം 2025 ല്‍ പ്രസിദ്ധീകരിച്ചു. ചെറുകഥാ സമാഹാരം, ‘റെയില്‍ ചക്രങ്ങള്‍’ 2026 ല്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ പത്രമായ ‘ഇമലയാളി’യില്‍, ‘നടപ്പാതയില്‍ ഇന്ന്’ എന്ന കോളം സമകാലീന സംഭവങ്ങളെ പ്രതിപാദിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. വിവിധ സാഹിത്യ-സാംസ്‌കാരിക സംഘടനകളില്‍ അംഗമാണ്.

റഹിമാബി മൊയ്തീന്‍:
സ്വദേശം പാലക്കാട്. മെരിലാന്റിലെ സാലിസ്ബറിയില്‍ താമസം. നേഴ്‌സിങ്ങ് മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നു. നേഴ്‌സിങ്ങിലും സോസിയോളജിയിലും ബിരുദാനന്തര ബിരുദം. ആരോഗ്യവകുപ്പില്‍ നേഴ്സിംഗ് അധ്യാപകയായിരുന്നു. ഉള്ളില്‍നിന്നും ഒരിക്കലും ഒലിച്ചുപോകരുതേയെന്നു ആഴത്തില്‍ വിശ്വസിക്കുന്ന ഓര്‍മ്മകളുടെ തുള്ളികളാണ് ഈ പുസ്തകം എന്ന് അര്‍ഷാദ് ബത്തേരി കുറിച്ചിരിക്കുന്നു. നമുക്ക് നഷ്ട്ടപ്പെട്ട ദേശവും മനുഷ്യരും ഓര്‍മ്മകളിലൂടെ ഹൃദയത്തിലേക്കു നേരിട്ട് പ്രവേശിക്കുന്ന അനുഭവം സൃഷ്ടിക്കാന്‍ റഹിമാബിക്കു കഴിയുന്നു. വായനയും എഴുത്തും ഇഷ്ടം. കഥ, കവിത, ഓര്‍മ്മകുറിപ്പുകള്‍ മുതലായവ എഴുതാറുണ്ട്. ആദ്യ പുസ്തകമാണ് 2024 ല്‍ പുറത്തിറങ്ങിയ ‘ വെയില്‍ ചായും നേരം’. 2026 ലെ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് ന്റെ ശ്രീ ജേക്കബ് മനയില്‍ പ്രവാസി കവിതാ പുരസ്‌ക്കാരം, ഇ മലയാളി കഥാമത്സരം ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് പി മൊയ്തീന്‍കുട്ടി, മക്കള്‍ റിതു, റിനു,റിതിന്‍.

ഡോ. മാമ്മന്‍ സി. ജേക്കബ്:
പത്തനംതിട്ടയില്‍ മേല്‍പ്പാടം സ്വദേശി. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി, ഉമ്മന്‍ചാണ്ടിയുമായി നീണ്ട സൗഹൃദത്തില്‍നിന്നും ഒപ്പിയെടുത്ത ഓര്‍മ്മകളുടെ ഒരു പുസ്തകം. 1996- ഇല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തുടങ്ങി ഇപ്പോഴും ഫൊക്കാനയുടെ സജ്ജീവ പ്രവര്‍ത്തകന്‍. ഫ്ലോറിഡയില്‍ താമസം.

അബ്ദുല്‍ പുന്നയൂര്‍ക്കുളം:
ഇഗ്‌ളീഷിലും മലയാളത്തിലുമായി 6 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇഗ്‌ളീഷില്‍ ഒരു ചെറുകഥാ സമാഹാരം: Catching the dream, Bouquet of emotions. മലയാളത്തില്‍: എളാപ്പ എന്ന ചെറുകഥ സമാഹാരം. മീന്‍കാരന്‍ ബാപ്പാ: കവിതാസമാഹാരം, നോവല്‍: പറക്കും പക്ഷയെ പ്രണയിക്കുന്നവന്‍. മലയാളിയുടെ അമേരിക്കന്‍ പ്രവാസ ജീവിതം , സന്തോഷങ്ങളും സങ്കടങ്ങളും ഒട്ടും ചോര്‍ന്നുപോകാതെ വൈകാരിക സൂഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്ന നോവല്‍. ജീവിതത്തിന്റെ വിവിധാനുഭവങ്ങളെ വിദഗ്ദമായി ചിത്രീകരിച്ചിരിക്കുന്നു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചു. സോഷ്യല്‍ വര്‍ക്കര്‍ ആയി സേവനം അനുഷ്ടിച്ചു, മിഷിഗണിലെ റോസെവില്ലയില്‍ താമസം.

ബിന്ദു കാന:
ബിന്ദു കാന എന്നപേരില്‍ എഴുതുന്ന ബിന്ദു ഫെര്‍ണാണ്ടസ് കോഴിക്കോട് ജില്ലയില്‍ ചോവായൂര്‍ സ്വദേശി. നേഴ്‌സ് ആയി ജോലിചെയ്യുന്നു. കാന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകയും ഡയറക്ടറുമാണ്. ഹ്യൂസ്റ്റനില്‍ താമസം. അമേരിക്കന്‍ ജീവിത തിരക്കിനിടയിലും എഴുത്തിനെ അതിയായി സ്‌നേഹിക്കുന്ന എഴുത്തുകാരിയാണ്. അത്മായനം എന്ന കുറിപ്പുകള്‍, ഓരോരുത്തരോടും തീയാവാനും വേട്ടയാടുന്ന കാടുകള്‍ കത്തിച്ചു ചാമ്പലാക്കുവാനുമുള്ള ആഹ്വാനമാണ്.

ഡോ. മാത്യു ജോയിസ്:
ലാസ് വേഗാസില്‍നിന്നും ഇപ്പോള്‍ കൂടുതല്‍ സമയവും കേരളത്തില്‍ താമസിക്കുന്ന ഡോ. മാത്യു ജോയ്സ് എഴുത്തില്‍ സജീവം. ശരീരം തളര്‍ത്തുമ്പോളും എഴുത്തു ഊന്നുവടിയാക്കുന്ന കുറിപ്പുകളുടെ ഒരു സമാഹാരം. ഇതില്‍ നര്‍മ്മമുണ്ട്, നന്മയുണ്ട്, വിശ്വാസമുണ്ട്. ഞാന്‍ വിട്ടാല്‍ നീ വീഴും, നിന്നെ വിട്ടാല്‍ ഞാനും വീഴും എന്ന തിരിച്ചറിവിന്റെ സങ്കീര്‍ണ്ണതകള്‍, ഒപ്പം ആശ്വാസവും വെളിച്ചവും നല്കാന്‍ കഴിയുന്ന പുസ്തകം. ഇത് ഒരു സാധാരണ ലേഖനസമാഹാരമല്ല, ഒരു ഹൃദയസ്പര്‍ശിയായ യാത്രയാണ്.

ജയന്‍ വര്‍ഗീസ്:
ഔപചാരിക വിദ്യാഭാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, ആരവയറില്‍ മുണ്ടു മുറുക്കേണ്ടിവന്ന ദരിദ്ര്യബാല്യത്തില്‍ പതിനൊന്നാം വയസ്സില്‍ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേടിവന്ന ഒരാള്‍. ആ അവസ്ഥയില്‍ നിന്ന് അവിശ്വസനീയങ്ങളായ സാഹചര്യങ്ങളുടെ ഇടപെടലുകളോടുകൂടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവാണ് ജയന്‍ വര്‍ഗീസ്. ജീവിതത്തില്‍ അടുത്ത ചുവടുവയ്ക്കുന്നതിനുള്ള വെളിച്ചം തേടുന്നവര്‍ക്ക് ചൂണ്ടുപലകയാണ് ‘പാടുന്നു പാഴ്മുളം തണ്ടുപോലെ’.

ഫിലിപ്പ് തോമസ്:
അടൂര്‍ ഗവ : ബോയ്‌സ് ഹൈ സ്‌കൂള്‍, സെന്റ് : സിറിള്‍സ് കോളേജ് അടൂര്‍, അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി വിടങ്ങളില്‍ പഠനം. 1997 രോഗങ്ങള്‍ പൂക്കുന്ന കുട്ടനാട്ടിലൂടെ എന്ന ഡോക്യൂമെന്റ്ററി ക്കു സംസ്ഥാന തല പുരസ്‌കാരം. 2000 ചെറുകഥയ്ക്കുള്ള പുതുമുഖം അവാര്‍ഡ്. 2010 ചെറുകഥയ്ക്കുള്ള പ്രഥമ പാറപ്പുറം അവാര്‍ഡ്. 1990- 1992 സാഹിതി മാസികയുടെ മുഖ്യ പത്രാധിപര്‍ ആയിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:
നഗരത്തില്‍ എല്ലാവര്‍ക്കും സുഖമാണ് (1997)കഥാസമാഹാരം, പാതാളക്കരണ്ടി (2013)കഥാസമാഹാരം. ഐസ് ക്രീംന്റെ കഥ (ബാല സാഹിത്യ കൃതി)2022. രാമഴവില്ലു (2024) കഥാസമാഹാരം .ന്യൂയോര്‍ക് സബ്വേയില്‍ ജോലിചെയ്യുന്നു. ഭാര്യ ബിജി, മകള്‍ ദിയ.

സീന ജോസഫ്:
കണ്ണൂര്‍ വള്ളിത്തോട് സ്വദേശം. ഹസനംബാ ഡെന്റല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വാനിയ ടെന്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ മാസച്യുസെറ്റ്‌സില്‍ താമസം. ഫാമിലി ഡെന്റ്റല്‍ പ്രാക്ടീസ് നടത്തുന്നു. ഭര്‍ത്താവ് ബോബി ജോസഫ്, മക്കള്‍ എഡ്വിനും ഷോണും. ജീവിതമെന്ന പൂമരം ഉതിര്‍ത്തുവിട്ട 36 കവിതകളുടെ സമാഹാരം, പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവുമൊക്കെ ചേര്‍ന്നുള്ള വാക്കുകളും വരികളും.

ഡോ. സലീമ ഹമീദ്
തിരുവനന്തപുരം സ്വദേശം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും MBBS ശേഷം ഓണ്‍റ്റോറിയയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, അന്‍ഡലൂസിയന്‍ ഡയറി, പോര്‍ട്ടുഗല്‍ – ഫടോ സംഗീതത്തിന്റെ നാട്, ബൊഹീമിയന്‍ കാഴ്ചകള്‍, കനാലുകളും കലയും ചരിത്രവും – ഇറ്റാലിയന്‍ യാത്രാക്കുറിപ്പുകള്‍, അനുകലങ്ങളില്‍ സജ്ജീവ സാന്നിധ്യം. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ചികിത്സയുടെ ചരിത്രം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

FOKANA Literary Awards 2026 Announced; FOKANA Literary Conference Held with the Main Theme: ‘Transcending Boundaries: The Present and Future of Malayalam Diaspora Literature.’

Share Email
LATEST excelnclexrn
More Articles
Top