Caritas hospital

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി സജിമോന്‍ ആന്റണി; വൈസ് ചെയര്‍ തോമസ് തോമസ്; സെക്രട്ടറി ബിജു ജോണ്‍ കൊട്ടാരക്കര

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി സജിമോന്‍ ആന്റണി; വൈസ് ചെയര്‍ തോമസ് തോമസ്; സെക്രട്ടറി ബിജു ജോണ്‍ കൊട്ടാരക്കര

ബിജു ജോണ്‍, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2026-28 കാലയളവിലേക്കുള്ള ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി മുന്‍ പ്രസിഡന്റ് സജിമോന്‍ ആന്റണിയെയും, വൈസ് ചെയറായി തോമസ് തോമസിനെയും സെക്രട്ടറിയായി ബിജു ജോണ്‍ കൊട്ടാരക്കരയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായിരുന്ന ജോജി തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും ജനറല്‍ സെക്രട്ടറി സന്തോഷ് നായരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ മുന്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയി ചാക്കപ്പന്‍, മാമ്മന്‍ സി. ജേക്കബ്, സതീശന്‍ നായര്‍, ബിജു ജോണ്‍, തോമസ് തോമസ്, മനോജ് ഇടമന, കെവിന്‍ ജോസഫ് തുടങ്ങിയ എല്ലാ ട്രസ്റ്റീ ബോര്‍ഡ് മെമ്പേഴ്‌സും യോഗത്തില്‍ പങ്കെടുത്തു.

സജിമോന്‍ ആന്റണി – ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

ഫൊക്കാനയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന സജിമോന്‍ ആന്റണി സംഘടനാ രംഗത്തെ പരിചയസമ്പന്നനായ നേതാവാണ്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ വിവിധ ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.

പരിമിതികളെ അവസരങ്ങളാക്കി മാറ്റുകയും പുതുമയാര്‍ന്ന ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലിയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിന്റെ പ്രധാന പ്രത്യേകത. ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്, ഫൊക്കാന പ്രിവിലേജ് കാര്‍ഡ്, ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക്, ഫൊക്കാനയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിപാടികള്‍ തുടങ്ങി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

ഫൊക്കാന ഗ്ലോബല്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിലും പ്രൊഫഷണല്‍ സംഘടനകള്‍ക്ക് ഫൊക്കാനയില്‍ അംഗത്വം നല്‍കുന്നതിലും ഉള്‍പ്പെടെ നിരവധി ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ഭരണനിര്‍വഹണത്തിലും വിവിധ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ശ്രദ്ധേയമായ സംഭാവനകളായി മാറി.

കാര്യക്ഷമമായ ഭരണനിര്‍വഹണം, സുതാര്യമായ പ്രവര്‍ത്തനശൈലി, നവീന ആശയങ്ങള്‍, സമയബന്ധിതമായ പദ്ധതികളുടെ നടപ്പാക്കല്‍ എന്നിവയിലൂടെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവവും ജനകീയവുമാക്കുന്നതില്‍ സജിമോന്‍ ആന്റണി നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ഫൊക്കാനയുടെ വളര്‍ച്ചയിലും സംഘടനയുടെ പ്രവര്‍ത്തന മികവിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്.

ന്യൂജേഴ്സിയിലെ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (MANJ)യുടെ പ്രസിഡന്റായിരിക്കെ സംഘടനയെ കൂടുതല്‍ സജീവമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സജിമോന്‍ ആന്റണി ശ്രദ്ധേയമായ പങ്കുവഹിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള നേതൃത്വപാടവവും ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡിന് പുതിയ ദിശാബോധം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘടനാ രംഗത്തിനൊപ്പം മാധ്യമരംഗത്തും സജിമോന്‍ ആന്റണി സജീവ സാന്നിധ്യമാണ്. ന്യൂസ്18, ചാനല്‍ 24, മനോരമ ന്യൂസ് തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത് സാമൂഹികവും പൊതുപ്രാധാന്യമുള്ളതുമായ വിഷയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം അവതരിപ്പിച്ചുവരുന്നു.

വര്‍ഷങ്ങളായുള്ള സംഘടനാ പരിചയവും ഭരണനൈപുണ്യവും പുതിയ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനുള്ള കഴിവും കൈമുതലാക്കി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനെന്ന പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്ന സജിമോന്‍ ആന്റണിയില്‍ നിന്ന് ഫൊക്കാന കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളും ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.

തോമസ് തോമസ് – ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍
ഫൊക്കാനയുടെ രൂപീകരണകാലം മുതല്‍ സംഘടനയോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് തോമസ് തോമസ്. ഫൊക്കാനയുടെ ആദ്യകാല ട്രഷററായിരുന്ന അദ്ദേഹം സംഘടനയുടെ സ്ഥാപക നേതൃത്വനിരയിലെ പ്രധാന വ്യക്തികളിലൊരാളാണ്.

ഫൊക്കാനയോടൊപ്പം ഏകദേശം നാല് പതിറ്റാണ്ടായി സഞ്ചരിക്കുന്ന തോമസ് തോമസ്, സംഘടനയുടെ ഇതുവരെയുള്ള കണ്‍വെന്‍ഷനുകളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അപൂര്‍വ വ്യക്തികളില്‍ ഒരാളാണ്. ഫൊക്കാന കണ്‍വെന്‍ഷന്‍ വേദികളിലും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം എന്നും സജീവ സാന്നിധ്യമാണ്.

ജോര്‍ജി വര്‍ഗീസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായും അദ്ദേഹം ഫൊക്കാനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ശക്തമായിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫൊക്കാന എന്ന ആശയത്തിന് പിന്നിലെ ആദ്യകാല പ്രവര്‍ത്തകരില്‍ തോമസ് തോമസിനും പ്രധാന പങ്കുണ്ടായിരുന്നു.

ഹോട്ടല്‍ മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ പ്രമുഖ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുകയും ഹോളണ്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ പദവിയിലെത്തുകയും ചെയ്തു. 2000-ല്‍ ട്രോഫി വേള്‍ഡ് എന്ന സ്ഥാപനം ആരംഭിച്ചതോടെ ബിസിനസ് രംഗത്ത് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് അമേരിക്കയിലെ മലയാളി ഉടമസ്ഥതയിലുള്ള ശ്രദ്ധേയമായ ട്രോഫി സ്ഥാപനങ്ങളിലൊന്നായി ട്രോഫി വേള്‍ഡ് അറിയപ്പെടുന്നു.

സാമൂഹിക, സാംസ്‌കാരിക മേഖലകളിലും അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിലും തോമസ് തോമസ് സജീവ സാന്നിധ്യമാണ്.

ബിജു ജോണ്‍ – ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി

ഫൊക്കാനയുടെ 2022-24 ഭരണസമിതിയില്‍ ട്രഷററായി പ്രവര്‍ത്തിച്ച ബിജു ജോണ്‍ കൊട്ടാരക്കര, സാമ്പത്തിക കാര്യനിര്‍വഹണത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പരിചയസമ്പത്തുള്ള നേതാവാണ്.

മുന്‍ അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത ബിജു, സംഘടനയുടെ ഭരണപരമായ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍ ലോക കേരള സഭാംഗം കൂടിയാണ്.

മാധ്യമപ്രവര്‍ത്തകനായ ബിജു ജോണ്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍, കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സില്‍വര്‍ ജൂബിലി സുവനീറിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (KEAN) ന്യൂസ്ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് കോര്‍ഡിനേറ്ററായും, KEAN ലോംഗ് ഐലന്‍ഡ് റീജിയണല്‍ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

എന്‍ജിനീയറിംഗ്, എം.ബി.എ. ബിരുദധാരിയായ ബിജു ജോണ്‍ കൊട്ടാരക്കര ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജോലിയോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഫൊക്കാനയുടെ പുതിയ ട്രസ്റ്റീ ബോര്‍ഡ് നേതൃത്വം സംഘടനയുടെ ഭരണപരമായ തുടര്‍ച്ചയ്ക്കും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാന പ്രവര്‍ത്തകര്‍.

Sajimon Antony named FOKANA Board of Trustees Chairman; Thomas Thomas as Vice Chairman; Biju John Kottarakkara as Secretary.

Share Email
LATEST excelnclexrn
More Articles
Top