ജെയിംസ് കൂടല്‍

ഇന്ന് നേതാവായി അറിയപ്പെടാന്‍ ഒരു റീല്‍ മതി. പൊതുരംഗത്ത് ഒരാളുടെ മുഖവും പേരും പരിചിതമാക്കാന് നിമിഷങ്ങള്‍ മതി. വേദികള്‍ ഒരുക്കാം, ആദരവ് വിലകൊടുത്തു വാങ്ങാം, വാഴ്ത്തുപാട്ടുകള്‍ പാടാന്‍ ആളുകളെയും കിട്ടും. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ അവരുടെ വിശ്വാസം നേടിയെടുക്കണം. അതിന് സമയവും ക്ഷമയും ആത്മാര്‍ഥതയും ഉത്തരവാദിത്വബോധവും വേണം.
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ നല്ലൊരു കാലഘട്ടത്തിലും ഇന്നത്തെപ്പോലെ റീലുകളുടെ പ്രചാരമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയിലെ യഥാര്‍ഥ ജീവിതമായിരുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അദ്ദേഹം സമയം കണ്ടെത്തി. ക്യാമറകള്‍ക്കുവേണ്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നില്ല; ജനങ്ങള്‍ക്കിടയില്‍ ജീവിച്ചതുകൊണ്ടാണ് ക്യാമറകള്‍ അദ്ദേഹത്തെ പിന്തുടര്ന്നത്.
ജനങ്ങളുമായി സംവദിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളുടെ ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സാധാരണക്കാരന് സമീപിക്കാവുന്ന നേതാവെന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ സമ്പത്ത്. അധികാരത്തിലിരുന്നപ്പോഴും അധികാരത്തിനു പുറത്തായിരുന്നപ്പോഴും ജനങ്ങളുമായുള്ള ആ ബന്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ സവിശേഷതയായിരുന്നു.
അവസാന കാലഘട്ടത്തിലെ അദൃശ്യകരങ്ങള്‍
ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തെ വിലയിരുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ അവസാന രാഷ്ട്രീയ കാലഘട്ടവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ കൈക്കൊണ്ട ചില തീരുമാനങ്ങളില്‍ അദൃശ്യകരങ്ങളുടെ സ്വാധീനമുണ്ടായിരുന്നോ എന്ന ചോദ്യം അവഗണിക്കാനാവില്ല.
ഉമ്മന്‍ ചാണ്ടിയെ വിശ്വസിച്ച് എ ഗ്രൂപ്പില്‍ ഉറച്ചുനിന്നവരും രാഷ്ട്രീയ പ്രതിസന്ധികളില്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചവരുമായ ചിലര്‍ എന്തുകൊണ്ടാണ് ഒരു ഘട്ടത്തില്‍ മനസ്സില്ലാമനസ്സോടെ അകന്നത്? അത് അദ്ദേഹത്തോടുള്ള വ്യക്തിപരമായ വിരോധമായിരുന്നോ, അതോ അദ്ദേഹത്തിനു ചുറ്റും രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള വിയോജിപ്പായിരുന്നോ?
തീരുമാനമെടുക്കുന്നവരും തീരുമാനങ്ങളെ സ്വാധീനിക്കുന്നവരും തമ്മിലുള്ള അന്തരം വര്‍ധിക്കുമ്പോള്‍ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമിടയിലെ വിശ്വാസബന്ധത്തില് വിള്ളലുണ്ടാകാം. ഉമ്മന്‍ ചാണ്ടിയുടെ അവസാന രാഷ്ട്രീയ കാലഘട്ടത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നോ എന്നത് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ട വിഷയമാണ്. തെളിവുകളില്ലാതെ വ്യക്തികളെ കുറ്റപ്പെടുത്തുന്നതിനു പകരം തീരുമാനങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും വിലയിരുത്തുകയാണ് വേണ്ടത്.
എ ഗ്രൂപ്പിന്റെ വിശ്വസ്തര്‍ ഇന്ന് എവിടെയാണ്?
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എ ഗ്രൂപ്പിന്റെ പഴയ പ്രവര്‍ത്തകരുടെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയും പരിശോധിക്കപ്പെടണം. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി വാദിച്ചവരും പ്രതിസന്ധികളില്‍ അദ്ദേഹത്തെ പ്രതിരോധിച്ചവരും രാഷ്ട്രീയ നഷ്ടങ്ങള്‍ സഹിച്ചും കൂടെനിന്നവരും പുതിയ അധികാരസമവാക്യങ്ങളില്‍ എവിടെയാണ്?
അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ? മറ്റു ചേരികളിലേക്ക് മാറിയവര്‍ക്ക് അവിടെയെങ്കിലും രാഷ്ട്രീയ അംഗീകാരം ലഭിച്ചിട്ടുണ്ടോ? അതോ പഴയ ബന്ധങ്ങളുടെ നഷ്ടവും പുതിയ സാഹചര്യങ്ങളിലെ അവഗണനയും ഒരുപോലെ നേരിടേണ്ടിവരുന്നുണ്ടോ?
രാഷ്ട്രീയത്തില്‍ തലമുറമാറ്റവും നേതൃത്വമാറ്റവും സ്വാഭാവികമാണ്. എന്നാല്‍ പുതിയ നേതൃത്വത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പഴയ പ്രവര്‍ത്തകരുടെ സംഭാവനകള്‍ വിസ്മരിക്കപ്പെടുന്നത് സംഘടനയുടെ കെട്ടുറപ്പിന് ഗുണകരമാകുമോ? പദവികള്‍ക്കപ്പുറം രാഷ്ട്രീയ ആത്മാഭിമാനത്തിനും അംഗീകാരത്തിനും വിലയുണ്ടെന്ന കാര്യം നേതൃത്വം തിരിച്ചറിയണം.
വാഴ്ത്തുപാട്ടുകളും സൈബര്‍ പോരാളികളും
സമൂഹമാധ്യമങ്ങളുടെ വളര്‍ച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തിട്ടുണ്ട്. ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനും അവരുടെ അഭിപ്രായങ്ങള്‍ അറിയാനും റീലുകള്‍ സഹായിക്കുന്നു. എന്നാല്‍ അവതരണത്തിന്റെ മികവില്‍ മാത്രം രാഷ്ട്രീയം ഒതുങ്ങുമ്പോള്‍ പൊതുപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ലക്ഷ്യം പിന്നിലാകുന്നു.
ഒരു റീല്‍ എത്ര ലക്ഷം പേര് കണ്ടുവെന്നതിനൊപ്പം നല്കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചു, ജനങ്ങളുടെ എത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എത്രത്തോളം നിറവേറ്റി തുടങ്ങിയ ചോദ്യങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണം.
വിമര്‍ശനം ഉയരുമ്പോഴാണ് നേതൃത്വത്തിന്റെ ജനാധിപത്യബോധം പ്രകടമാകുന്നത്. സൈബര്‍ ഇടങ്ങളില്‍ വിമര്‍ശകരെ കൂട്ടമായി അധിക്ഷേപിക്കുകയും ചോദ്യം ഉന്നയിച്ചവരുടെ ഉദ്ദേശ്യങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട യഥാര്‍ഥ വിഷയം വിസ്മരിക്കപ്പെടുന്നു.
അധിക്ഷേപം ഭയന്ന് ചിലര്‍ മൗനം പാലിച്ചേക്കാം. ആ മൗനത്തെ സമ്മതമായി തെറ്റിദ്ധരിക്കുന്ന നേതൃത്വത്തിന് സ്വന്തം വീഴ്ചകള്‍ തിരിച്ചറിയാനും തിരുത്താനുമുള്ള അവസരമാണ് നഷ്ടമാകുന്നത്. തെറ്റുകള്‍ ന്യായീകരിക്കുന്നവരെക്കാള് അവ ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കാണ് സംഘടനയില്‍ പ്രാധാന്യം ലഭിക്കേണ്ടത്.
ജനകീയതയും പ്രചാരണവും
കെ. കരുണാകരന്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്, സി. അച്യുതമേനോന് എന്നിവര്‍ വ്യത്യസ്ത രാഷ്ട്രീയധാരകളില്നിന്ന് ഉയര്‍ന്നുവന്ന നേതാക്കളാണ്. അവരുടെ നിലപാടുകളോട് കേരളം യോജിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കും രാഷ്ട്രീയ വീഴ്ചകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.
എന്നാല്‍ ഇന്നത്തെ സമൂഹമാധ്യമ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതിനുമുമ്പേ ജനങ്ങളുമായി രാഷ്ട്രീയബന്ധം സ്ഥാപിച്ചവരായിരുന്നു അവര്‍. പൊതുജീവിതത്തിലെ പ്രവര്‍ത്തനങ്ങളും നിലപാടുകളും ജനങ്ങളുമായുള്ള ഇടപെടലുകളുമാണ് അവരുടെ രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്തിയത്.
അനുയായികളെ സൃഷ്ടിക്കുന്നതും ആരാധകരെ സൃഷ്ടിക്കുന്നതും രണ്ടാണ്. ആരാധകര്‍ നേതാവിനെ ആഘോഷിക്കും. അനുയായികള്‍ രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിക്കും. വ്യക്തിപൂജയില്‍ ചോദ്യങ്ങള്‍ക്ക് ഇടം കുറവായിരിക്കും. ജനാധിപത്യ രാഷ്ട്രീയത്തില്‍ വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്ഥാനമുണ്ടാകും.
വിളിച്ചാല്‍ കമന്റിടാനും കൈയടിക്കാനും ആളുകളെ കിട്ടും. വിളിക്കാതെ ജനങ്ങള്‍ കൂടെ നില്‍ക്കുന്നത് വിശ്വാസമുള്ളപ്പോഴാണ്.
പാരമ്പര്യം ചിത്രങ്ങളിലല്ല, പ്രവര്‍ത്തനത്തിലാണ്
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തോടൊപ്പമുള്ള പഴയ ചിത്രങ്ങളിലോ അനുസ്മരണ വേദികളിലോ മാത്രം ഒതുങ്ങുന്നതല്ല. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ജനകീയ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ പുതിയ കാലത്തും എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതാണ് പ്രധാനം.
അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ആ ഓര്‍മകളുടെ ഭാഗമായി ജീവിച്ച മനുഷ്യരും പരിഗണിക്കപ്പെടണം. ഒരു നേതാവിന്റെ മരണത്തോടെ അദ്ദേഹത്തെ വിശ്വസിച്ചവരുടെ രാഷ്ട്രീയപ്രസക്തി അവസാനിക്കുന്നില്ല. അവരുടെ അനുഭവസമ്പത്തും സംഘടനയോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയ്ക്കു പ്രയോജനപ്പെടുത്താന്‍ കഴിയണം.
നല്ല പ്രവര്‍ത്തനത്തിന് ആദരവും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും നല്കുന്ന രാഷ്ട്രീയ സംസ്കാരമാണ് വളര്‍ന്നുവരേണ്ടത്. സ്വന്തം പേരില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതും വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുന്നതും നേതൃത്വത്തിന്റെ ജനാധിപത്യബോധത്തിന്റെ അടയാളമാണ്.
കൈയടി അവസാനിച്ച ശേഷവും ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും നല്കിയ വാക്കുകള്‍ പാലിക്കുകയും പ്രതിസന്ധികളില്‍ കൂടെനിന്നവരെ മറക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് കാലം ഓര്‍ക്കുന്നത്.
വാഴ്ത്തുപാട്ടുകള്‍ക്ക് അധികാരത്തിന്റെ ആയുസ്സേ ഉണ്ടാകൂ. ആത്മാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിന് തലമുറകളുടെ ആയുസ്സുണ്ട്. റീല്‍ കൊണ്ട് നേതാവാകാം. അന്നും ഇന്നും എന്നും ജനമനസ്സില്‍ ഇടം നേടാന്‍ റിയലാകണം.
‘This is the era of paeans! Back then, it was ‘real’ politics; today, it is ‘reel’ politics—at a time when disputes over rights are entirely ill-timed…’
















