ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിരവധി വാഹനങ്ങങ്ങളുമായി കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ വിന്റര്‍ ഹേവനിലാണ് അപകടമുണ്ടായത്. 37 വിദ്യാര്‍ഥികളും ബസ് ഡ്രൈവറും ഡ്രൈവറുടെ ഒമ്പത് വയസുള്ള മകളും ഉള്‍പ്പെടെ 39 പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോള്‍ക്ക് കൗണ്ടി ഷെരിഫ് ഗ്രേഡി ജഡ് പറഞ്ഞു.
അപകടത്തില്‍ ബസിലുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയും അപകടത്തില്‍പ്പെട്ട മറ്റൊരു ജീപ്പിന്റ ഡ്രൈവറുമാണ് മരിച്ചത്. ഏഴ് പേര്‍ക്ക് അടിയന്തര ട്രോമാ ചികിത്സ ആവശ്യമായി വന്നതായും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 6.15ഓടെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്.
ബസ് സ്വന്തം ലെയിനിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ വന്ന വെള്ള നിറത്തിലുള്ള ഷെവര്‍ലെ മാലിബു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് വെള്ളിനിറത്തിലുള്ള ജീപ്പുമായി നേരിട്ട് കൂട്ടിയിടിച്ചു. മറ്റൊരു വാഹനവും അപകടത്തില്‍പ്പെട്ടതോടെ ആകെ നാല് വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. 22 വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂള്‍ ബസിലും നാല് പേരെ കുടുംബാംഗങ്ങളുടെ വാഹനങ്ങളിലും ആശുപത്രിയിലെത്തിച്ചു.
ട്രാഫിക് ഹോമിസൈഡ് അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പോള്‍ക്ക് കൗണ്ടി ഷെരിഫ് ഓഫീസ്, വിന്റര്‍ ഹേവന്‍ ഫയര്‍ ആന്‍ഡ് പൊലീസ് വിഭാഗങ്ങള്‍, ഹെയിന്‍സ് സിറ്റി പൊലീസ്, പോള്‍ക്ക് കൗണ്ടി ഫയര്‍ റെസ്‌ക്യൂ, പോള്‍ക്ക് കൗണ്ടി പബ്ലിക് സ്‌കൂളുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Two people died and several others were injured when a school bus carrying children overturned in Florida.


















