തൃശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇത്തരമൊരു അപകടം സംഭവിച്ചത് ഹൃദയഭേദകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും വേഗത്തിലുള്ള രക്ഷാപ്രവർത്തനവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകണമെന്നും ദുരന്തത്തിൽപ്പെട്ടവരെ ചേർത്തുപിടിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.













