ട്രംപിന്‍റെ ഭീഷണിയോട് കടുപ്പിച്ച് ഇന്ത്യ, രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ യാത്ര റദ്ദാക്കി; പ്രതിരോധ ഇടപാടുകളിൽ ചിലത് നിർത്തിവച്ചേക്കുമെന്ന് റിപ്പോർട്ട്

ട്രംപിന്‍റെ ഭീഷണിയോട് കടുപ്പിച്ച് ഇന്ത്യ, രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ യാത്ര റദ്ദാക്കി; പ്രതിരോധ ഇടപാടുകളിൽ ചിലത് നിർത്തിവച്ചേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ ഉറച്ച നിലപാടുമായി ഇന്ത്യ. വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങൾക്ക് വലിയ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കിക്കൊണ്ട് ഇപ്പോൾ ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകൾ താൽക്കാലികമായി നിർത്തിവച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളിൽ അമേരിക്ക ഇടപെടേണ്ടതില്ലെന്ന ശക്തമായ മറുപടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. തീരുവ വർധനയിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് മുന്നിൽ രാജ്യം തലകുനിക്കില്ലെന്ന സന്ദേശമാണ് ഈ നീക്കങ്ങളിലൂടെ ഇന്ത്യ വ്യക്തമാക്കുന്നത്.

റഷ്യയുമായി ഇന്ത്യക്ക് ഒരുപാട് വ‌ർഷങ്ങൾ നീണ്ട വ്യാപാര ബന്ധമാണുള്ളത്. എണ്ണയും ആയുധങ്ങളുമെല്ലാം കാലങ്ങളായി റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ പക്കലുള്ള നിരവധി ആയുധങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയവയാണ്. റഷ്യയുമായുള്ള ആയുധ കരാറും വ്യാപാര ബന്ധവും അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള വ്യാപാരം നിർത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് സംയമനത്തോടെ വിഷയം കൈകാര്യം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top