ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഒമാനുമായി ധാരണയിലെ ത്തുന്നതായി ഇറാന്‍. കടലിടുക്കിലൂടെ കപ്പലുകള്‍ സഞ്ചരിക്കേണ്ട പാതകളുടെ ഏകോപനം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയി ലെത്തിയതായും ഇറാന്‍ വ്യക്തമാക്കി.
എന്നാല്‍ നിര്‍ദേശത്തോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടാണ് ഇനി നിര്‍ണായകമാകുക.കരാറിന്റെ ഭാഗമായി കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളില്‍ നിന്ന് ചരക്കിന്റെ വിലയുടെ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഫീസ് ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ ഏകദേശം മൂന്ന് ശതമാനം ഫീസ് എന്ന നിലപാടിലാണ്.
എന്നാല്‍ യാതൊരു ഫീസും ഈടാക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അതേസമയം, അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ നിര്‍ണായക ഊര്‍ജ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചകളിലെ ഇറാന്റെ പ്രതിനിധിയുമായ മുഹമ്മദ് ബാഖര്‍ ഗാലിബാഫ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണ ഭീഷണികളെ ‘തിയറ്റര്‍ ഡിപ്ലോമസി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭീഷണിപ്പെടുത്തലും പാലിക്കാത്ത വാഗ്ദാനങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിക്കുന്ന തന്ത്രം പരാജയപ്പെട്ടതാണെന്നും ഗാലിബാഫ് പറഞ്ഞു.
വസ്തുതകള്‍ അംഗീകരിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനകാലത്ത് ലോകത്തിലെ എണ്ണയുടെയും എല്‍എന്‍ജിയുടെയും ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കരാര്‍ നിലവില്‍ വന്നാല്‍ കപ്പല്‍ ഗതാഗതത്തില്‍ ഇറാന് കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഹോര്‍മുസിന്റെ നിയന്ത്രണം ഇറാന് കൈമാറുന്ന ഒരു കരാറിനും അമേരിക്ക സമ്മതിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Indications suggest Iran and Oman are moving towards an agreement to open the Strait of Hormuz; the US stance will now be crucial.

















