മനസിൽ മഴവിൽ വർണമായി ഓണനിറവിൽ മലയാളികൾ

മനസിൽ മഴവിൽ വർണമായി ഓണനിറവിൽ മലയാളികൾ
Share Email

‘നേർകാഴ്ച’യുടെ പ്രിയ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമെല്ലാം ഐശ്വര്യപൂർണമായ തിരുവോണ തിരുഉത്സവ ആശംസകൾ നേരുന്നു

വലിപ്പ ചെറുപ്പങ്ങളില്ലാത്ത സമഭാവനയാണ് മലയാളിയുടെ ദേശീയോത്സവമായ ഓണത്തിന്റെ മഹത്തായ സന്ദേശം. മാനവരാശി അമോദത്തോടെ ജീവിക്കുന്ന സമത്വ സുന്ദരമായ ഒരു സാമൂഹിക വ്യവസ്ഥിതി സമ്മാനിച്ച മഹാബലിയുടെ ദർശനമാണ്, അതിന്റെ പുനസൃഷ്ടിയാണ് ഓരോ ഓണക്കാലത്തും പ്രകടമാവുന്നത്.

ലോകമെമ്പാടും വസിക്കുന്ന മലയാളികൾ കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ഒരു സമൃദ്ധിയുടെ പൂക്കാലം പുലർന്നുകാണുവാൻ മനസാ ആഗ്രഹിക്കുന്ന മറ്റൊരു ചിങ്ങപ്പൊന്നോണവും സമാഗതമാവുകയാണ്. വാമനന് മുന്നിൽ പാതാളത്തിലേക്ക് പോകുവാനായി തല കുനിച്ചു കൊടുത്ത മഹാബലി തമ്പുരാൻ നാടുകാണാനെത്തുന്ന ദിവസം എന്നതുൾപ്പെടെ പുരാവൃത്തങ്ങളും ഐതീഹ്യങ്ങളും ഓണത്തിന് മാരിവില്ലിന്റെ നിറമേകുന്നു.

മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമാണ് തിരുവോണം. വാമനൻ മഹാബലിക്ക് കൊടുത്ത വാക്ക് പ്രകാരം ആണ്ടുതോറും തന്റെ ജന്മനക്ഷത്രമായ ശ്രാവണമാസത്തിലെ തിരുവോണം നാളിൽ ആ രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്നു എന്നാണ് ഓണത്തിന് പിന്നിലെ പ്രധാന സങ്കല്പം.

മറ്റൊരു പാഠം ഇങ്ങനെയാണ്… കാർക്കരെ നാട്ടുരാജക്കന്മാർ തൃക്കാക്കര തലസ്ഥാനമാക്കി ഭരണം നടത്തിയപ്പോൾ അതിലൊരു ഭരണാധികാരിയായ മഹാബലി പെരുമാൾ തൃക്കാക്കര ക്ഷേത്രത്തിൽ ഇരുപത്തിയെട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഏർപ്പെടുത്തി. കർക്കിട മാസത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ. ഉത്സവത്തിന്റെ അവസാനത്തെ പത്തു ദിവസങ്ങളായ അത്തം മുതൽ തിരുവോണം വരെ മഹോത്സവങ്ങളായിരുന്നു. മഹോത്സവദിനങ്ങളിൽ എല്ലാ നാടുവാഴികളും പങ്കുകൊള്ളണമെന്നും തൃക്കാക്കര എത്തണമെന്നും ആയിരുന്നു കൽപ്പന. അപ്രകാരം അനുഷ്ഠിക്കുകയും ചെയ്തു പോന്നു. കാലക്രമേണ ദൂരദിക്കിലുള്ളവർക്ക് തൃക്കാക്കര എത്തുവാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സ്വഗൃഹങ്ങളിൽ ആഘോഷിച്ചാൽ മതിയെന്ന് നിശ്ചയിക്കപ്പെട്ടു. അങ്ങനെയാണ് കേരളമാകെ ഓണം ആഘോഷിക്കാൻ തുടങ്ങിയത്.

തന്റെ പ്രജകൾക്കുവേണ്ടി സ്വയം ബലിയർപ്പിക്കുകയായിരുന്നു മഹാബലി. മലയാളികൾ ഇന്ന് മഹാബലിയുടെ ഓർമ്മപുതുക്കി അത് വലിയ ആഘോഷമാക്കുമ്പോൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, നമ്മിൽ എത്രപേർ മറ്റുള്ളവരെ ആത്മാർഥമായി സ്‌നേഹിക്കുന്നു…? ജനക്ഷേമ തത്പരനായ ഒരു ഭരണാധികാരിയുടെ ഓർമ ഒരു വർണപ്പൂക്കളമായി പൂമുഖത്ത് വിരിയുമ്പോൾ മറുവശത്ത് കള്ളവും കൊള്ളയും ചതിയും അഴിമതിയും പീഡനവും അപഥ സഞ്ചാരങ്ങളും സങ്കുചിതത്വവും അരങ്ങ് വാഴുന്നു. ഇതെല്ലാം കാലത്തിന്റെ പുനർനിർമ്മിതിയിൽ സംഭവിച്ച അരുതായ്കകളാണ്. ആശാസ്യകരമല്ലാത്ത ഒട്ടേറെ പരിവർത്തനങ്ങൾ ഓണത്തിനും സംഭവിച്ചിട്ടുണ്ട്. എങ്കിലും എത്ര തലമുറ കഴിഞ്ഞാലും ഓണം ഇല്ലാതെ മലയാളി ഉണ്ടാവില്ല. ജാതി-മത ഭേദമെന്യേ അത്രമേൽ കേരളീയരുടെ സാമൂഹിക ജീവിതവുമായി ഇഴചേർന്ന് കിടക്കുന്ന മറ്റൊരു ഉൽസവവും ഇല്ല.

പഞ്ഞമാസമായ കർക്കടകം കഴിഞ്ഞ് പൊന്നിൻചിങ്ങത്തെ വരവേൽക്കുന്ന മലയാളികളുടെ വറുതിയകറ്റുന്ന ദിനങ്ങൾ കൂടിയാണ് ഓണക്കാലം. എത്ര ദരിദ്രനായാലും ഓണദിവസം കെങ്കേമമായി കൊണ്ടാടുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെയാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാർ പറയുന്നത്. പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും ഒരുമയുടെ ഓണം നമുക്ക് സമൃദ്ധമായി ആഘോഷിക്കാം.

Share Email
LATEST excelnclexrn
Top